കണ്ണുര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച എക്‌സൈസ് ഡ്രൈവറുടെ മരണത്തില്‍ സംശയ. മൃതദേഹത്തില്‍ നിന്നും ശേഖരിച്ച ശ്രവത്തിന്റെ പരിശോധന ഫലം നെഗറ്റീവ്. പടിയൂര്‍ സ്വദേശി കെ പി സുനിലാണ് കഴിഞ്ഞ പതിനെട്ടാം തിയ്യതി പരിയാരം സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. മറ്റ് രോഗങ്ങള്‍ ഇല്ലായിരുന്ന സുനിലിനെ പനിയും ശ്വാസതടസ്സവും കാരണം ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. 16നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ നില അതീവ ഗുരുതരമായതോടെ ജീവന്‍ നിലനിര്‍ത്താന്‍ മുപ്പതിനായിരം രൂപയുടെ ടോസിലിസുമാബ് മരുന്ന് നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആശുപത്രി വിശദീകരിച്ചത്. എന്നാല്‍ ഇയാള്‍ക്ക് രോഗം എവിടെ നിന്നാണ് പിടിപെട്ടത് എന്നത് ഇതുവരെയും കണ്ടെത്താനായില്ല. അതിനിടെയാണ് അന്തിമ ഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
അതെ സമയം കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരത്തില്‍ ഒരു മണിക്കൂര്‍ സമയത്തിലേറെ വൈറസ് പ്രവര്‍ത്തിക്കില്ല എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. രാവിലെ 9.55 ന് മരണം രേഖപ്പെടുത്തിയ സുനിലിന്റെ സ്രവം വൈകീട്ടോടെയാണ് ശേഖരിച്ചതെന്നുമാണ് ആശുപത്രി വിശദീകരണം. സുനിലിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരിക്കുകയാണ്.
പനി ഭേദമാകാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പരിയാരത്തുള്ള കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ സുനില്‍കുമാറിന് ജൂണ്‍ 14 മുതല്‍ 16 വരെ ഒരു ചികിത്സയും ലഭിച്ചില്ലെന്ന് പറയുന്നു. എക്‌സൈസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മട്ടന്നൂര്‍ റെയ്ഞ്ച് എക്‌സൈസ് ഡ്രൈവറായിരുന്ന കെ പി സുനിലിന് എവിടെ നിന്നാണ് കൊവിഡ് വൈറസ് രോഗം ബാധിച്ചതെന്ന് വ്യക്തമായിരുന്നില്ല. സുനില്‍ കുമാറിന് മറ്റ് രോഗങ്ങളൊന്നും ഇല്ലായിരുന്നു. ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് പരിയാരം മെഡിക്കല്‍ കോളേജാശുപത്രി നല്‍കിയ വിശദീകരണം. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ സുനിലിന് കടുത്ത ന്യുമോണിയ ബാധിക്കുകയും ശ്വാസകോശത്തിന് തകരാര്‍ സംഭവിക്കുകയും ചെയ്തുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞത്.
അതേസമയം സുനില്‍ മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് തന്റെ സഹോദരനുമായി സംസാരിച്ചതിന്റെ ഓഡിയോ പുറത്തു വന്നിരുന്നു. ”ഞാനിവിടന്ന് മരിക്കാറായി എന്നും ഇവിടെ നോക്കാനും പറയാനും ആരുമില്ല. അച്ഛനോട് വേഗം വരാന്‍ പറ. ഞാനിപ്പം ഹോസ്പിറ്റലില്‍ കിടന്ന് മരിക്കും. ശ്വാസം കിട്ടുന്നില്ല ആരും നോക്കുന്നില്ല’ ഇങ്ങിനെ സുനില്‍ പറയുന്നതിന്റെ ഓഡിയോയിരുന്നു പുറത്തു വന്നത്.
follow us #pathramonline