ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കില്‍ ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ്, പാംഗോങ് എന്നിവയ്ക്കു പുറമേ ഡെപ്‌സാങ്ങിനു സമീപവും ചൈനയുടെ പടയൊരുക്കം. ലഡാക്ക് അതിര്‍ത്തിയില്‍ ഒരേസമയം പലയിടങ്ങളില്‍ പോര്‍മുഖം തുറക്കാനുള്ള നീക്കമാണു ചൈനയുടേതെന്ന് ഇന്ത്യന്‍ സേന വിലയിരുത്തുന്നു. സേനാ നീക്കഹത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഗല്‍വാനില്‍ പ്രകോപനം തുടരുമ്പോഴും ചൈന ഏതാനും സേനാ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ നിന്നു നീക്കി. എന്നാല്‍, കഴിഞ്ഞ 15ന് ഏറ്റുമുട്ടലുണ്ടായ ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14നു സമീപം സ്ഥാപിച്ച ചൈനീസ് ടെന്റുകള്‍ നീക്കിയിട്ടില്ല. ഘട്ടംഘട്ടമായി സന്നാഹങ്ങള്‍ പിന്‍വലിക്കാന്‍ 22നു ചേര്‍ന്ന കമാന്‍ഡര്‍മാരുടെ യോഗത്തില്‍ ഇരുപക്ഷവും ധാരണയിലെത്തിയിരുന്നു. ഇരു സേനകളും പട്രോളിങ് നടത്തുന്ന അതിര്‍ത്തിയില്‍ ടെന്റുകള്‍ സ്ഥാപിക്കാന്‍ പാടില്ലെന്നാണു ചട്ടം.
ഇതിനിടെ, ഗല്‍വാന്‍ താഴ്വര പൂര്‍ണമായി തങ്ങളുടേതാണെന്ന് അവകാശപ്പെട്ടു ചൈന പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. നിയന്ത്രണ രേഖയ്ക്ക് (എല്‍എസി) ഏതാനും കിലോമീറ്റര്‍ അകലെ, ഇന്ത്യയുടെ ഭാഗത്തു ഷ്യോക് ഗല്‍വാന്‍ നദികള്‍ സംഗമിക്കുന്നിടം വരെ തങ്ങളുടേതാണെന്നാണു ചൈനയുടെ വാദം.
സംഘര്‍ഷം തുടരുന്ന പാംഗോങ് മേഖലയില്‍ 8 കിലോമീറ്റര്‍ അതിക്രമിച്ചു കയറിയ ചൈന, നാലാം മലനിരയില്‍ ടെന്റുകളടക്കം സ്ഥാപിച്ചിട്ടുണ്ട്. ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ്, ഡെപ്‌സാങ് എന്നിവിടങ്ങളിലെ തര്‍ക്കം പരിഹരിച്ചശേഷം പാംഗോങ്ങിലെ കാര്യം പരിഗണിക്കാമെന്ന നിലപാടിലാണു ചൈന. സംഘര്‍ഷം ഏറ്റവും മൂര്‍ധന്യാവസ്ഥയിലുള്ളത് പാംഗോങ്ങിലാണ്.
അതേസമയം ഗല്‍വാനില്‍ സേവനമനുഷ്ഠിക്കുന്ന കരസേനാ ജവാന്‍ നദിയില്‍ വീണു മരിച്ചു. മഹാരാഷ്ട്ര നാസിക് സ്വദേശി സച്ചിന്‍ മോറെയാണു മരിച്ചത്. നദിയില്‍ വീണ മറ്റു 2 ജവാന്‍മാരെ രക്ഷിക്കുന്നതിനിടെയാണു മരണമെന്നു മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി സതേജ് പാട്ടീല്‍ പറഞ്ഞു.