സമൂഹവ്യാപനം; ബോധവല്‍ക്കരണം നിര്‍ത്തി, ഇനി നിയമനടപടിയെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്. ഇത്രയുംനാള്‍ ബോധവല്‍ക്കരണമായിരുന്നെന്നും ഇന്ന് മുതല്‍ നിയമം നടപ്പിലാക്കുമെന്നും ഡിജിപി:ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങിയാലും ശാരീരിക അകലം പാലിച്ചില്ലെങ്കിലും കേസെടുക്കും. അറസ്റ്റും പിഴയും ഉണ്ടാകും. ജനക്കൂട്ടം കണ്ടാല്‍ പൊലീസിനെ അറിയിക്കണം. ജനക്കൂട്ടത്തിന്റെ വിഡിയോയും ഫോട്ടോയും പൊലീസിന് അയയ്ക്കാം. ശാരീരിക അകലം പാലിച്ച് ആളുകളെ കൊണ്ടുപോയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും. വിമാനത്താവളത്തില്‍ വരുന്ന ആളുകള്‍ നേരെ വീട്ടിലേക്കു പോകണം. ബന്ധുക്കളുടെ വീട്ടിലോ റസ്റ്ററന്റിലോ പോകാന്‍ അനുവദിക്കില്ല. റോഡുകളില്‍ ബാരിക്കേഡ് ഉണ്ടാകും. കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് പുറത്തേക്കോ അകത്തേക്കോ യാത്ര അനുവദിക്കില്ല.

രോഗവ്യാപനത്തിന്റെ അപകടം ജനങ്ങള്‍ക്ക് മനസിലാകാത്തതിനാലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് ഡിജിപി പറഞ്ഞു. ലോക്ഡൗണില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പിന്നീടത് കുറഞ്ഞു. ഒരാഴ്ചയായി കേസുകള്‍ വര്‍ധിക്കുന്നു. കോവിഡിന്റെ സമൂഹവ്യാപനമാണ് ആശങ്ക. എന്നാല്‍, കുറേ ആളുകള്‍ക്ക് ഇതു മനസിലാകുന്നില്ല. ചന്തകളില്‍ ശാരീരിക അകലം ഇല്ല. കടകളില്‍ ഒരു സമയത്ത് 5 പേര്‍ എന്ന് ലോക്ഡൗണ്‍ കാലത്ത് നിര്‍ദേശം നല്‍കിയിരുന്നു. മാസ്‌ക് ഉപയോഗിക്കണമെന്നും പറഞ്ഞിരുന്നു. അക്കാര്യങ്ങള്‍ ഇപ്പോള്‍ പാലിക്കപ്പെടുന്നില്ല. സാധനങ്ങള്‍ വാങ്ങാനായി പോകുമ്പോള്‍ ജനങ്ങള്‍ ശാരീരിക അകലം പാലിക്കണമെന്നും കടക്കാരും ഇതു ശ്രദ്ധിക്കണമെന്നും ഡിജിപി പറഞ്ഞു.

കോവിഡ് രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഇന്ന് മുതല്‍ സേവനസജ്ജരായിരിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്‌പെഷല്‍ യൂണിറ്റുകളിലെയും 90% ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭ്യമാക്കും. പൊലീസ് മൊബിലൈസേഷന്റെ ചുമതല ബറ്റാലിയന്‍ വിഭാഗം എഡിജിപിക്കാണ്. 61,000 പേരാണ് സേനയിലുള്ളത്.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിന് തടയിടാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നിലവില്‍വന്നു. കൊച്ചിയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടുന്ന ശ്രീമൂലനഗരം, വെങ്ങോല, നായരമ്പലം പ്രദേശങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെട്ടതോടെ തൃശൂര്‍ നഗരം ഭാഗികമായി അടച്ചു.

ഉറവിടമറിയാത്ത രോഗബാധ കൂടുമ്പോള്‍ യഥാര്‍ഥ സ്ഥിതിയറിയാന്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂട്ട പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. സാമൂഹിക അകലം, മാസ്‌ക് ഉപയോഗം തുടങ്ങിയ നിയന്ത്രണങ്ങള്‍ കാര്യമായി പാലിക്കാത്ത ഇടങ്ങളാണ് പല മാര്‍ക്കറ്റുകളുമെന്ന കണ്ടെത്തലിലാണ് ഇവിടെ പരിശോധന കൂട്ടാനുള്ളനീക്കം. സാംപിളുകള്‍ ശേഖരിച്ച് പ്രത്യേക ലായനിയില്‍ സംയോജിപ്പിച്ച് നടത്തുന്ന പൂള്‍ ടെസ്റ്റിങ്ങാണ് പരീക്ഷിക്കുന്നത്. നഗര പ്രദേശങ്ങളിലും ആള്‍ക്കൂട്ട സാധ്യതയുള്ളയിടങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിക്കും

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular