കുഞ്ഞുങ്ങള്‍ക്ക് നഗ്‌നശരീരം ചിത്രം വരയ്ക്കാന്‍ വിട്ടു നല്‍കിയ രഹ്ന ഫാത്തിമ ചെയ്തതില്‍ എന്താണ് തെറ്റ് എന്ന് ചോദിക്കുന്നവരോട് ഡോ. ജെ.എസ്.വീണ കുറിപ്പ്

കൊച്ചി: കുഞ്ഞുങ്ങള്‍ക്ക് നഗ്‌നശരീരം ചിത്രം വരയ്ക്കാന്‍ വിട്ടു നല്‍കിയ രഹ്ന ഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്ത വാര്‍ത്തയ്ക്കു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വിവാദം കൊഴുക്കുകയാണ്. ശബരിമല വിഷയത്തിനു പിന്നാലെയുണ്ടായ രാഷ്ട്രീയ താല്‍പര്യങ്ങളാണ് രഹ്നയെ വേട്ടയാടുന്നതിനു പിന്നില്‍ എന്ന വാദമാണ് ഒരു ഭാഗത്തെങ്കില്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചാ ഘട്ടത്തില്‍ ഇത്തരം നടപടികള്‍ അവരെ സമ്മര്‍ദത്തിലാക്കുമെന്ന നിലപാടാണ് ഒരു പക്ഷം ഉയര്‍ത്തുന്നത്. മാതാപിതാക്കളുടെ ശരീരം കുഞ്ഞുങ്ങള്‍ കണ്ടു വളരണം എന്ന അഭിപ്രായക്കാരുമുണ്ട്. അതേസമയം നഗ്‌നതയുടെയും ലൈംഗികതയുടെയും രാഷ്ട്രീയം ഈ പ്രായത്തില്‍ കുട്ടികളില്‍ കടുത്ത സമ്മര്‍ദം സമ്മാനിക്കും എന്ന നിലപാടാണ് ആക്ടിവിസ്റ്റും ഫൊറന്‍സിക് സര്‍ജനുമായ ഡോ. ജെ.എസ്.വീണ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത്.

രഹ്ന ചെയ്തതില്‍ എന്താണ് തെറ്റ് എന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണിത്. ‘വിഷയം അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല. അച്ഛനും അമ്മയും കുട്ടികളെക്കൊണ്ട് നഗ്‌നതയുടെ മേല്‍ സ്പര്‍ശനവും കലയുമൊന്നും പരീക്ഷിക്കരുതെന്നതു മാത്രമാണ് തന്റെ നിലപാടെന്ന് ഇവര്‍ പറയുന്നു. വസ്ത്രം മാറുക എന്നതുപോലെ സ്വാഭാവികമാണ് സ്പര്‍ശം, ബോഡി പെയിന്റിങ് എന്നൊക്കെ കരുതുന്നവര്‍ ഉണ്ടാകും. അങ്ങനെ കരുതുന്നവര്‍ മറന്നുപോകുന്ന ഒന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് അച്ഛനമ്മമാരേക്കാള്‍ പ്രാധാന്യമുള്ളവരാണ് അവരുടെ സമപ്രായക്കാരും അധ്യാപകരും. ജീവിതത്തിന്റെ ഒരു ഘട്ടത്തിലെങ്കിലും അച്ഛനമ്മമാരേക്കാള്‍ സമപ്രായക്കാരായവര്‍ക്ക് പ്രാധാന്യം ഇല്ലാത്തവരായി ഒരാളെങ്കിലും ഉണ്ടോ?. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സമ്മര്‍ദം അനുഭവിച്ചു നേടാന്‍ മാത്രം എന്ത് പ്രാധാന്യമാണ് നഗ്‌നതയുടെ രാഷ്ട്രീയത്തിനുള്ളതെന്നാണ് ഡോ. വീണയുടെ ചോദ്യം.

ആ കുട്ടികളെ അറിയാത്തതുകൊണ്ടാണ് എന്ന വാദമുയര്‍ത്തുന്നവര്‍ക്ക് കൃത്യമായ മറുപടി ഡോക്ടര്‍ നല്‍കുന്നുണ്ട്. സ്ത്രീയുടെ മാറില്‍ പ്രായപൂര്‍ത്തി ആയ ആരെങ്കിലും ആണെങ്കില്‍, അവിടെ സ്ത്രീയുടെ അനുവാദവും ഉണ്ടെങ്കില്‍ ആരും ഈ വാദം ഉയര്‍ത്തുകയില്ല. ലൈംഗിക അക്രമം സ്വാഭാവികമെന്ന് വിശ്വസിക്കുന്ന നിരവധി കുട്ടികളുണ്ട്.. അങ്ങനെ കുട്ടിക്കാലത്ത് വിശ്വസിച്ചിരുന്നവരുമുണ്ട്. കുഞ്ഞുങ്ങള്‍ അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന ചെടികളാണ്. സമൂഹത്തില്‍നിന്നേല്‍ക്കുന്ന ക്ഷതം പോലും അതിന്റെ വളര്‍ച്ചയെ ബാധിച്ചേക്കാം എന്നും ഇവര്‍ പറഞ്ഞു വയ്ക്കുന്നു. ഈ പുകിലുകളൊക്കെ ഉയരുമ്പോഴും ആ സ്ത്രീക്കെതിരെയുള്ള അക്രമം അല്ല വേണ്ടത്. പകരം കുട്ടികളോട് ഇടപെടുമ്പോള്‍ അച്ഛനമ്മമാര്‍ എന്തൊക്കെ ചെയ്യരുത് എന്ന കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും ഉണ്ടാകണം. വിവാഹത്തിനും സന്താന ഉല്‍പാദനത്തിനും മുന്നേ ആ നിയമങ്ങള്‍ ഓരോ രക്ഷിതാവും അറിഞ്ഞിരിക്കണം എന്ന മുന്നറിയിപ്പുകളും വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ഡോ. വീണയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം:

വിഷയം അച്ഛന്റെ മാറും അമ്മയുടെ മാറും തമ്മിലുള്ള വ്യത്യാസം അല്ല. അച്ഛനും അമ്മയും കുട്ടികളെക്കൊണ്ട് നഗ്‌നതയുടെ മേല്‍ സ്പര്‍ശനവും കലയുമൊന്നും #പരീക്ഷിക്കരുത് എന്നത് മാത്രമാണ്. വസ്ത്രം മാറുക എന്നതുപോലെ സ്വാഭാവികമാണ് സ്പര്‍ശം, ബോഡി പെയിന്റിങ് എന്നൊക്കെ കരുതുന്നവര്‍ ഉണ്ടാകും. അങ്ങനെ കരുതുന്നവര്‍ മറന്നുപോകുന്ന ഒന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് അച്ഛനമ്മമാരേക്കാള്‍ പ്രാധാന്യമുള്ളവരാണ് peer groups and teachers. ജീവിതത്തിന്റെ ഒരു ഘട്ടത്തിലെങ്കിലും അച്ഛനമ്മമാരേക്കാള്‍ peer groups\p പ്രാധാന്യം ഇല്ലാത്തവരായി ഒരാളെങ്കിലും ഉണ്ടോ?

;എന്റെ അച്ഛനും അമ്മയും സാധാരണ അച്ഛനും അമ്മയും ആയി മാറണം; എന്നുവരെ പ്രാര്‍ഥിച്ചിട്ടുണ്ട് എന്ന് ഒരു അഭിമുഖത്തില്‍ കേട്ടിട്ടുണ്ട്. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വലിയ സ്‌ട്രെസ് ആണ് ഇതൊക്കെയും. പിന്നീട് ഓക്കേ ആകും എന്ന സാധ്യത ഉണ്ട്. എന്നാല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്‌ട്രെസ് അനുഭവിച്ചു നേടാന്‍ മാത്രം എന്ത് പ്രാധാന്യമാണ് നഗ്‌നതയുടെ രാഷ്ട്രീയത്തിനുള്ളത്? അമ്മയുടെ മാറ് ആയതിനാല്‍ അല്ല ഇവിടെ പുകിലുണ്ടാകുന്നത്. സ്ത്രീയുടെ മാറില്‍ adult ആയ ആരെങ്കിലും ആണെങ്കില്‍, സ്ത്രീയുടെ consent ഉണ്ടെങ്കില്‍ ആര്‍ക്ക് എന്ത് പ്രശ്‌നം?

പക്വതയില്ലാത്ത സമൂഹത്തില്‍ മേല്‍പറഞ്ഞ അഭിപ്രായം പറഞ്ഞതിനാല്‍ ഒരു സ്ത്രീക്കെതിരായി സമൂഹം മാറുന്നു എന്ന് എഴുതിക്കണ്ടു. ഏത് പക്വതയുള്ള സമൂഹത്തിലാണ് മുതിര്‍ന്നവരുടെമേല്‍ ബോഡി പെയിന്റിങ് കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നത് എന്ന് എനിക്കറിയില്ല. കുഞ്ഞുങ്ങളുടെ മുന്നില്‍വെച്ചു ആ നഗ്‌നമാക്കിയതിനാല്‍ ;കുഞ്ഞുങ്ങള്‍ step mother ന്റെ കൂടെ വളരരുത്; എന്ന് തീരുമാനിച്ച ഒരു രാജ്യം ഉണ്ടെന്ന് ഇന്നലെ ഒരു സുഹൃത്തില്‍ നിന്നും അറിഞ്ഞു.

ഇവിടെ വൈറല്‍ ആയ വിഡിയോയിലെ അമ്മ കുഞ്ഞിനെ മോശമായി ഉപയോഗിച്ചു എന്ന് കുഞ്ഞിന്റെ അഭിമാനത്തെപ്രതി എനിക്ക് തോന്നുന്നുണ്ട്. കാരണം നഗ്‌നതയെ മുന്‍നിര്‍ത്തി സമൂഹത്തിനുള്ള ധാരണകള്‍ വളരെ വികലമാണ്. അതുകൊണ്ട് തന്നെ;നിങ്ങള്‍ വീട്ടില്‍ പിന്നെ ഇതൊക്കെയല്ലേ; എന്ന ചീഞ്ഞ സംഭാഷണം പോലും ഭാവിയില്‍ കുഞ്ഞ് കേള്‍ക്കേണ്ടിവരും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. അതാണ് പേടിയും.

;ആ കുഞ്ഞിനെ അറിയാത്തതുകൊണ്ടാണ് ഈ ബോഡി പെയിന്റിങ്ങിനെ എതിര്‍ക്കുന്നത്; എന്ന അഭിപ്രായവും കണ്ടു. ലൈംഗികഅക്രമം പോലും സ്വാഭാവികമെന്ന് കുട്ടിക്കാലത്തു വിശ്വസിച്ചിരുന്ന എത്ര പേരുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? കുഞ്ഞുങ്ങള്‍ അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന ചെടികളാണ്. സമൂഹത്തില്‍നിന്നേല്‍ക്കുന്ന ക്ഷതം പോലും അതിന്റെ വളര്‍ച്ചയെ ബാധിച്ചേക്കാം എന്നത് മാത്രമാണ് നമ്മള്‍ കരുതേണ്ടുന്ന കാര്യം.

ഇവിടെ ആ സ്ത്രീക്കെതിരെയുള്ള അക്രമം അല്ല വേണ്ടത്. ;കുട്ടികളോട് ഇടപെടുമ്പോള്‍ അച്ഛനമ്മമാര്‍ എന്തൊക്കെ ചെയ്യരുത്; എന്ന കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും ഉണ്ടാകണം. സന്താനോല്‍പാദനത്തിനു/വിവാഹത്തിന് മുന്നേ ആ നിയമങ്ങള്‍ ഓരോ രക്ഷിതാവും അറിഞ്ഞിരിക്കണം എന്ന മുന്നറിയിപ്പുകളും വേണം

നഗ്‌നശരീരം മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കി; രഹ്ന ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7