സൈബര്‍ ആക്രമണം പൃഥ്വിരാജിനെയോ റിമയെയോ തന്നെയോ ബാധിക്കില്ലെന്ന് ആഷിഖ് അബു

സൈബര്‍ ആക്രമണം പൃഥ്വിരാജിനെയോ റിമയെയോ തന്നെയോ ബാധിക്കില്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. സൈബര്‍ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചതാണ്. ഒരുപാട് ഗൂഢാലോചനകള്‍ നടന്ന കാലഘട്ടത്തെക്കുറിച്ച് പലതരം വ്യാഖാനങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ്. ഒന്നിലധികം സിനിമകള്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കു‍ഞ്ഞഹമ്മദ് ഹാജിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത് ആലിമുസലിയാരുടെ പടമാണ്. യഥാര്‍ഥപടം പാരിസില്‍ നിന്ന് കണ്ടെടുത്തു. ആരെയും വേദനിപ്പിക്കാന്‍ ലക്ഷ്യമില്ലെന്നും ആഷിഖ് അബു പറഞ്ഞു. നാലുപേരുടെയും ആവിഷ്കാരസ്വാതന്ത്ര്യം സ്വാഗതം ചെയ്യുന്നതായി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

താന്‍ നായകനായി മലബാര്‍ കലാപത്തിന്റെ നായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് സിനിമ വരുന്നുവെന്ന പൃഥ്വിരാജിന്റെ പോസ്റ്റിനുപിന്നാലെ സൈബറിടങ്ങളില്‍ വന്‍ ലഹള പൊട്ടിപ്പുറപ്പെട്ടു. കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് എന്ന സിനിമയുമായി മുന്നോട്ടെന്ന പ്രഖ്യാപനവുമായി പി.ടി.കുഞ്ഞുമുഹമ്മദും നാടകകൃത്ത് ഇബ്രാഹിം വേങ്ങരയും രംഗത്തെത്തി. നായകനെ വില്ലനാക്കുന്ന സിനിമ അലി അക്ബറും പ്രഖ്യാപിച്ചു.

ആഷിഖ് അബുവിന്റെ ‘വാരിയംകുന്നനും’ പി.ടി.കുഞ്ഞുമുഹമ്മദിന്റെ ‘ഷഹീദ് വാരിയംകുന്നനും ഇബ്രാഹിം വെങ്ങരയുടെ ‘ദ് ഗ്രേറ്റ് വാരിയംകുന്നത്തും’. ഇവയ്ക്കെല്ലാം മറുപടിയെന്ന പേരില്‍ ബിജെപി സഹയാത്രികനായ അലി അക്ബറിന്റെ സിനിമയും. ഒരേ ആളുടെ പേരില്‍ ഒരേകാലത്ത് നാലു സിനിമകളെന്നത് ലോകത്തില്‍ തന്നെ അപൂര്‍വമാകും. മലബാര്‍ കലാപമെന്ന് ഒരു കൂട്ടരും മാപ്പിള ലഹളയെന്ന് മറ്റൊരു കൂട്ടരും വിശേഷിപ്പിക്കുന്ന, 1921ല്‍ ഏറനാട് പ്രദേശങ്ങളിലായി നടന്ന പോരാട്ടം ബ്രിട്ടീഷുകാര്‍ക്കെതിരെയും ജന്മികള്‍ക്കും എതിരെയായിരുന്നുവെന്ന് നിഷ്പക്ഷ ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു.

എന്നാല്‍, കുറേപ്പേര്‍ക്കിത് ഒരു പ്രത്യേക സമുദായത്തിനെതിെര മാത്രം നടന്ന ആക്രമണമാണ്. ഇതാണ് ‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധംചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ചയാളെക്കുറിച്ച് സിനിമ വരുന്നുവെന്ന പൃഥ്വിരാജിന്റെ പോസ്റ്റിനു പിന്നാലെ ലഹള തുടങ്ങാന്‍ കാരണം. പൃഥ്വിരാജിനെ മാത്രമല്ല ആഷിഖ് അബുവും റീമ കല്ലിങ്കലും മല്ലിക സുകുമാരനും വരെ ഇരകളായി. പൃഥ്വിരാജിന്റെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ മാത്രം പിന്തുണച്ചും എതിര്‍ത്തും പോരാട്ടം തുടരുകയാണ്.

എന്നാല്‍ വിവാദങ്ങളോട് ഇപ്പോള്‍ പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് അണിയറപ്രവര്‍ത്തകര്‍. ഇതിനിടെയാണ് പി.ടി.കുഞ്ഞുമുഹമ്മദ് ഏറെക്കാലമായി മനസിലുള്ള ഷഹീദ് വാരിയംകുന്നനുമായി മുന്നോട്ടെന്ന് പ്രഖ്യാപിച്ചത്.

ആഷിഖ് അബു–പൃഥ്വിരാജ് ടീമിന്റെ ‘വാരിയംകുന്നന്‍’ എന്ന സിനിമയ്‌ക്കൊപ്പം പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘ഷഹീദ് വാരിയംകുന്നന്‍’ എന്ന സിനിമയും പ്രഖ്യാപിച്ചു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഞാന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്നാലെയാണെന്ന് പി.ടി. പറയുന്നു. സിനിമയുടെ തിരക്കഥ ഏറെക്കുറേ പൂര്‍ത്തിയായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആഷിക്കിന്റെ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഞാനും പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ആവണമെന്നില്ല എനിക്ക്. മല്‍സരമൊന്നുമല്ല. രണ്ടു സിനിമയും സംഭവിക്കട്ടെയെന്നുമാണ് പി.ടി.യുടെ നിലപാട്.
‘ഷഹീദ് വാരിയംകുന്നന്‍’ എന്നാണ് എന്റെ സിനിമയുടെ പേര്. നായകന്‍ ആരാണെന്ന് തീരുമാനിച്ചിട്ടില്ല. രണ്ടുപേരുണ്ട് മനസില്‍. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മുഖത്തോട് സാമ്യമുള്ള ഒരാളാവണം എന്നുണ്ടെന്നും പി.ടി. കുഞ്ഞുമുഹമ്മദ് പറയുന്നു.

അതേസമയം, മൂന്നുവര്‍ഷം മുമ്പു തന്നെ വണ്‍ലൈനും ഇതിനുശേഷം തിരക്കഥയും തയ്യാറാക്കിയെന്ന് നാടകകൃത്ത് ഇബ്രാഹിം വേങ്ങര വ്യക്തമാക്കിയത്. 1921ന്റെ യഥാര്‍ഥമുഖം 2021ല്‍ ജനം കാണുമെന്നാണ് അലി അക്ബറിന്റെ പ്രഖ്യാപനം. 1921 എന്ന് പോസ്റ്റിട്ടെങ്കിലും ഇതാവുമോ പേരെന്നത് വ്യക്തമല്ല.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7