പ്രവാസികള്‍ക്ക് പരിശോധന; കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി..

പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് മുന്നോടിയായി ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. വിദേശകാര്യ മന്ത്രാലയമാണ് കേരള ചീഫ് സെക്രട്ടറിയെ കത്ത് മുഖേന ഇക്കാര്യം അറിയിച്ചത്. ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം തള്ളിയത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് എംബസികളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാടിലെത്തിയിരിക്കുന്നത്. ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്നും അത് അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു. ഓരോ രാജ്യങ്ങള്‍ക്കും ഇക്കാര്യത്തിലുള്ള നിലപാട് വ്യോമയാന മന്ത്രാലയം കേരളത്തിനയച്ച കത്തില്‍ വിശദമാക്കിയിട്ടുണ്ട്.

നിലവില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ടെന്ന്‌ യുഎഇ വ്യക്തമാക്കി. എന്നാല്‍ ട്രൂനാറ്റ് പരിശോധനയില്ല. കോവിഡ് ബാധിതനായ ഒരാളെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്നാണ് അവിടുത്തെ നിയമം. അതിനാല്‍ കോവിഡ് സ്ഥിരീകരിച്ച പ്രവാസികള്‍ക്കായി പ്രത്യേക വിമാനം അനുവദിക്കാനാവില്ലെന്നും യുഎഇ വ്യക്തമാക്കുന്നു.

രണ്ട് വിമാനക്കമ്പനികള്‍ ടെസ്റ്റ് നടത്തുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ഇന്ത്യയിലേയ്ക്കുള്ള വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ഈ പരിശോധന നടത്താമെന്നും കുവൈത്ത് അറിയിച്ചു. ഇതിനുള്ള ചിലവ് യാത്രക്കാര്‍ വഹിക്കണമെന്നും കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്. ബഹ്‌റൈനും സൗദി അറേബ്യയും ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

വിദേശങ്ങളില്‍നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ കൊണ്ടുവരാവൂ എന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഈ സംവിധാനം എംബസികള്‍ വേണം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തേണ്ടതെന്നും പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ മാത്രമേ വിമാനത്തില്‍ പ്രവേശിപ്പിക്കാവൂ എന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

രോഗബാധിതരെയും അല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നത്. രോഗബാധ സ്ഥിരീകരിച്ചവരെ പ്രത്യേകം വിമാനത്തില്‍ കൊണ്ടുവരണമെന്നും സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7