പ്രമുഖ ക്രിക്കറ്റ് താരത്തിന് കോവിഡ്

ധാക്ക: ബംഗ്ലദേശ് ക്രിക്കറ്റ് താരം മഷ്‌റഫെ മൊര്‍ത്താസയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ബംഗ്ലദേശിന്റെ മുന്‍ നായകന്‍ കൂടിയായ മൊര്‍ത്താസ, പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിക്കു ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന പ്രമുഖ താരമാണ്.

ക്രിക്കറ്റില്‍ സജീവമായിരിക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച മൊര്‍ത്താസ നിലവില്‍ ബംഗ്ലദേശിലെ എംപിയാണ്. രണ്ടു ദിവസമായി സുഖമില്ലാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ സ്വന്തം വസതിയില്‍ത്തന്നെ ഐസലേഷനിലാണ് താരം.

‘രണ്ടു ദിവസമായി കടുത്ത പനി ബാധിച്ച് കിടപ്പിലായിരുന്നു മഷ്‌റഫെ മൊര്‍ത്താസ. തുടര്‍ന്ന് വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തി. ഫലം പോസിറ്റീവാണെന്ന് ഇന്നാണ് അറിഞ്ഞത്. ധാക്കയിലെ വീട്ടില്‍ ഐസലേഷനിലാണ് അദ്ദേഹം. എല്ലാവരുടെയും പ്രാര്‍ഥനകളില്‍ മൊര്‍ത്താസയേക്കൂടി ഓര്‍ക്കാന്‍ അപേക്ഷ’ മഷ്‌റഫെയുടെ സഹോദരന്‍ മൊര്‍സാലിന്‍ ബിന്‍ മൊര്‍ത്താസ ബംഗ്ലദേശ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മൊര്‍ത്താസയുടെ കുടുംബത്തില്‍ ചിലര്‍ക്ക് മുന്‍പുതന്നെ കോവിഡ് സ്ഥിരീകരിച്ചതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ബംഗ്ലദേശിലെ എംപി കൂടിയായ മൊര്‍ത്താസ.ഇദ്ദേഹത്തിനു പുറമെ ബംഗ്ലദേശ് ഏകദിന ടീം നായകനായ തമിം ഇക്ബാലിന്റെ മൂത്ത സഹോദരനും മുന്‍ ബംഗ്ലദേശ് താരവുമായ നഫീസ് ഇക്ബാലിനും കോവിഡ് സ്ഥിരീകരിച്ചു. ചിറ്റഗോങ്ങിലെ വസതിയില്‍ സെല്‍ഫ് ഐസലേഷനില്‍ കഴിയുന്ന നഫീസ് ഇക്ബാല്‍ തന്നെയാണ് കോവിഡ് ബാധിച്ച കാര്യം സ്ഥിരീകരിച്ചത്. ബംഗ്ലദേശില്‍ ഇതുവരെ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

follow us pathramonline LATEST NEWS

pathram:
Leave a Comment