അനുഭവത്തില്‍നിന്ന് പഠിക്കാതെ ട്രംപ്; മാസ്‌കും സാമൂഹിക അകലവും പാലിക്കാതെ റാലി; സംഘാടകര്‍ക്ക് കോവിഡ് ബാധിച്ചു

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുകയും മരിക്കുകയും ചെയ്തത് അമേരിക്കയിലാണ്. ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ മരിച്ചു. എന്നിട്ടും പഠിക്കാതെ അമേരിക്കന്‍ പ്രസിഡന്‍ര് ഡൊണാള്‍ഡ് ട്രംപ്. ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഒക്‌ലഹോമയിലെ തുള്‍സയില്‍ ഡോണള്‍ഡ് ട്രംപ് റാലി നടത്തി. രണ്ടാംവട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായാണ് ആയിരങ്ങളെ പങ്കെടുപ്പിച്ചുള്ള റാലി നടത്തിയത്. മാസങ്ങള്‍ക്കു ശേഷം തുള്‍സയില്‍ നടന്ന ആദ്യ റാലിയില്‍ സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞു. യാതൊരു സാമൂഹിക അകലവും പാലിക്കാതെ 19,000ത്തോളം ആളുകള്‍ റാലിയില്‍ പങ്കെടുത്തെന്നാണു വിവരം. മാസ്‌കുകള്‍ വിതരണം ചെയ്‌തെങ്കിലും നല്ല ശതമാനവും അത് ധരിക്കാന്‍ തയാറായില്ല.

കഴിഞ്ഞ ആഴ്ച തുള്‍സയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിരുന്നു. അതിനാല്‍ റാലി മാറ്റിവയ്ക്കണമെന്ന് തുള്‍സയിലെ തദ്ദേശ ആരോഗ്യ കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ റാലി സുരക്ഷിതമാണെന്നാണ് മാറ്റിവയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒക്‌ലഹോമ ഗവര്‍ണര്‍ പറഞ്ഞത്. മാസ്‌കും സാനിറ്റൈസറും വിരണം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഇത് ഉപയോഗിച്ചില്ല. ശരീരതാപം മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്നില്ലെന്നും സാമൂഹിക അകലം പാലിക്കേണ്ടെന്നും ഒക്‌ലഹോമ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജൂണ്‍ 19 വെള്ളിയാഴ്ചയാണ് ഉത്തരവിട്ടത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് റാലിയില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ ഉത്തരവിടണമെന്നാവശ്യപ്പെട്ടു പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായക കോടതി വിധി.

അതിനിടെ റാലിയുടെ സംഘാടകരില്‍ ആറു പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഈ വാര്‍ത്ത പുറത്തുവന്നതോടെ ട്രംപിന്റെ റാലിയില്‍ പങ്കെടുത്തവര്‍ കോവിഡിന്റെ ദ്രുത വ്യാപകര്‍ ആകുമോ എന്ന ആശങ്ക ഉയര്‍ന്നു. എന്നാല്‍ റാലിയ്ക്കു മുന്‍പ് തന്നെ ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നും അപ്പോള്‍ തന്നെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചെന്നുമാണ് ട്രംപുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കോവിഡ് സംശയിക്കുന്നതോ രോഗബാധിതരോ ആരും തന്നെ ഇന്നലെ നടന്ന റാലിയുടെ ഭാഗമായിട്ടില്ലെന്നും സംഘാടകര്‍ അറിയിച്ചു. തുള്‍സയില്‍ ട്രംപിന്റെ റാലി നടന്ന സ്‌റ്റേഡിയത്തിനു പുറത്ത് പ്രതിഷേധക്കാരും ഒത്തുകൂടി. ലോകത്ത് കോവിഡ് രോഗികളുടെ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന യുഎസില്‍ 23,30,578 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,21,980 പേര്‍ക്ക് ജീവഹാനി സംഭവിച്ചു.

FOLLOW US: pathram online

pathram:
Leave a Comment