ഡല്‍ഹി: ഗാല്‍വാന്‍ ഇന്ത്യയുടെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രാലയം. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദങ്ങള്‍ ഇന്ത്യ ഇന്ന് തള്ളി. ഗാല്‍വാന്‍ ഇന്ത്യയുടെ ഭാഗമായിരുന്നെന്നും ഇനി അങ്ങനെ തന്നെ തുടരും എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം കേന്ദ്രസര്‍ക്കാര്‍ ലഡാക്ക് മേഖലയില്‍ സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചകാട്ടിയെന്ന ആരോപണം സര്‍വ്വ കക്ഷിയോഗത്തിന് ശേഷവും രാഷ്ട്രീയ തര്‍ക്കമായി തുടരുകയാണ്. സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെങ്കില്‍ സൈനികര്‍ എങ്ങനെ കൊല്ലപ്പെട്ടെന്ന ചോദ്യം രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും ഉന്നയിച്ചു, അതേസമയം രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം രാഷ്ട്രിയ നേട്ടമാണെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ വിമര്‍ശിച്ചു.
സര്‍വകക്ഷി യോഗത്തിന് ശേഷവും തങ്ങളുടെ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുകയാണെന്ന് ഇന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ചൈന നടത്തിയ കൈയേറ്റവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെത് ഉചിത മറുപടി അല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല എന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെയും രാഹുല്‍ ചോദ്യം ചെയ്തു. ഒരുതരി ഭൂമി പോലും പോയിട്ടില്ലെങ്കില്‍, കടന്നുകയറ്റം ഉണ്ടായിട്ടില്ലെങ്കില്‍ 20 സൈനികര്‍ക്ക് എങ്ങനെ ജീവന്‍ നഷ്ടമായെന്ന് രാഹുല്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ഉത്തരവാദിത്തത്തോടെയുള്ള പ്രതികരണമല്ല രാഹുലിന്റേത് എന്ന് അമിത് ഷാ കുറ്റപ്പെടുത്തി.