ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ അപ്രതീക്ഷിതനീക്കങ്ങളുമായി ഇന്ത്യന്‍ വ്യോമസേന. യുദ്ധവിമാനങ്ങള്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം വിന്യസിച്ചു. അതിനിടെ, വ്യോമസേന മേധാവി ആര്‍.കെ.എസ്. ബധുരിയ രണ്ടുദിവസത്തെ അടിയന്തര സന്ദര്‍ശനത്തിനായി ലഡാക്കിലെത്തിയിരുന്നു. ലേ, ശ്രീനഗര്‍ വ്യോമ താവളങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. കിഴക്കന്‍ ലഡാക്ക് മേഖലയില്‍ എന്തെങ്കിലും സൈനിക നീക്കങ്ങള്‍ നടത്തണമെങ്കില്‍ ഈ വ്യോമതാവളങ്ങള്‍ കേന്ദ്രീകരിച്ചാണ് അവ നടപ്പാക്കുക.
20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ചൈനയ്‌ക്കെതിരായി സൈനിക നടപടിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു ബധുരിയയുടെ സന്ദര്‍ശനം. പെട്ടെന്നൊരു സൈനിക നടപടി ആവശ്യമായാല്‍ അതിനുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനാണു വ്യോമസേനാ മേധാവി കിഴക്കന്‍ ലഡാക്കിലേക്കു സന്ദര്‍ശനം നടത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പ്രകോപനം തുടരുന്നതിനിടെ അതിര്‍ത്തിയില്‍ ചൈന 10,000ത്തിലധികം സൈനികരെയാണു വിന്യസിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഈമാസം 17നു ലേ സന്ദര്‍ശിച്ച വ്യോമസേന മേധാവി അതിനടുത്ത ദിവസം ശ്രീനഗര്‍ സൈനിക താവളവും സന്ദര്‍ശിച്ചിരുന്നു. കിഴക്കന്‍ ലഡാക്കിനോട് ഏറ്റവും ചേര്‍ന്നു കിടക്കുന്ന ഇവിടമാണ് ചൈനയ്ക്കു മുകളില്‍ ആക്രമണം നടത്താന്‍ അനുയോജ്യം. അതേസമയം, വ്യോമസേന മേധാവിയുടെ സന്ദര്‍ശനത്തെക്കുറിച്ച് പ്രതികരിക്കാന്‍ സേനാ വക്താവ് തയാറായില്ല.
സുഖോയ്30 എംകെഐ, മിറാഷ് 2000, ജാഗ്വര്‍ യുദ്ധവിമാനം തുടങ്ങി ഇന്ത്യയുടെ മുന്തിയ യുദ്ധവിമാനങ്ങള്‍ ഇവിടേക്കു മാറ്റിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍ദേശം ലഭിച്ചാല്‍പോലും ആക്രമണം നടത്തുന്നതിനു വേണ്ടിയാണിത്. ലഡാക്ക് മേഖലയില്‍ കരസേനയെ പിന്തുണയ്ക്കുന്നതിനായി അമേരിക്കന്‍ അപ്പാഷെ അറ്റാക്ക് ഹെലിക്കോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ സൈനികരെ ഇവിടേക്ക് എത്തിക്കുന്നതിനായി ലേ വ്യോമതാവളത്തിലും അതോടു ചേര്‍ന്നും ചിനൂക്ക് ഹെലിക്കോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്
follow us: PATHRAM ONLINE