ന്യൂഡല്‍ഹി : നിയന്ത്രണരേഖയില്‍ മാത്രമല്ല, സാമ്പത്തിക രംഗത്തും ചൈനയ്ക്കു തിരിച്ചടി കൊടുക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്ന് അഭിപ്രായമുയരുന്നു. 45 വര്‍ഷത്തെ ഏറ്റവും രക്തരൂഷിതമായ സംഘര്‍ഷമാണ് ഇത്തവണ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായത്. ഇതേത്തുടര്‍ന്ന് രാജ്യമെങ്ങും ചൈനാവിരുദ്ധത അലയടിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചും മറ്റും തിരിച്ചടി നല്‍കണമെന്നും ആവശ്യം ഉയരുന്നു.
എന്നാല്‍, സാമ്പത്തികപരമായി ചൈനയെ ഇന്ത്യയില്‍നിന്ന് ഒഴിവാക്കുന്നത് വലിയ വെല്ലുവിളിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട്‌ഫോണുകളും സ്മാര്‍ട് ടിവികളും ഉള്‍പ്പെടെ ‘മെയ്ഡ് ഇന്‍ ചൈന’ ടാഗില്‍ ഇന്ത്യയിലെത്തുന്നത് അനവധി ഉല്‍പ്പന്നങ്ങളാണ്. 2008ലുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ യുഎസ് കൂപ്പുകുത്തിയപ്പോള്‍ ചൈന കുതിച്ചുയരുകയായിരുന്നു. മാന്ദ്യത്തോടെ യുഎസിന്റെ പണാധിപത്യത്തില്‍ വന്‍ കുറവുണ്ടായി.
മധ്യപൂര്‍വേഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ മേഖലകളിലെ തന്ത്രപൂര്‍വമായ ഇടപെടല്‍ മൂലം ചൈന പതിയെ ലോകശക്തിയായി വളരുകയായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. ആഗോള ശക്തിയാകാന്‍ ശ്രമിക്കുന്ന ഇന്ത്യയും ഇതു തന്നെയാണ് ചെയ്തത്. ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി, ഇറക്കുമതി വഴിയല്ലാതെ നേരിട്ടുള്ളതും അല്ലാതെയുമുള്ള വിദേശനിക്ഷേപം വഴിയും ചൈനീസ് നിക്ഷേപങ്ങള്‍ ഇന്ത്യയിലെത്തുന്നു.
സാങ്കേതികവിദ്യയിലെ കോര്‍പറേറ്റ് നിക്ഷേപം വഴിയും അടിസ്ഥാന സൗകര്യ വികസന മേഖലകളിലും ഇങ്ങനെ ചൈനീസ് പണം എത്തി. നേരിട്ടുള്ള വിദേശനിക്ഷേപം വഴി 2.34 ബില്യന്‍ യുഎസ് ഡോളറിന്റെ ചൈനീസ് പണമാണ് ഇന്ത്യയിലെത്തിയതെന്ന് ഔദ്യോഗിക രേഖകള്‍ പറയുന്നു. എന്നാല്‍ മറ്റു നിക്ഷേപങ്ങളിലൂടെ ഇന്ത്യയില്‍ 6 മുതല്‍ 8 ബില്യന്‍ യുഎസ് ഡോളര്‍ വരെ ചൈനീസ് നിക്ഷേപം എത്തിയിട്ടുണ്ടാകാമെന്നാണ് ചില നിരീക്ഷകരുടെ അഭിപ്രായം.
>വിനോദസഞ്ചാര മേഖലയില്‍ ചൈനയില്‍നിന്ന് 550 മില്യന്‍ യുഎസ് ഡോളറാണ് വര്‍ഷാവര്‍ഷം ഇന്ത്യയിലെത്തുന്നത്. നിരവധി സ്റ്റാര്‍ട്ടപ്പുകളിലും ചൈനീസ് കമ്പനികള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ആലിബാബ, ഷവോമി, ടെന്‍സെന്റ്, ചൈന യുറേഷ്യ ഇക്കണോമിക് കോഓപ്പറേഷന്‍ ഫണ്ട്, ദിദി ചുസിങ്, ഷുന്‍വെയ് ക്യാപിറ്റല്‍, ഫോസണ്‍ ക്യാപിറ്റല്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയ പ്രമുഖ ചൈനീസ് കമ്പനികള്‍. പേടിഎം, സ്‌നാപ്ഡീല്‍, ഒല, സ്വിഗി തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും ചൈനീസ് നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം
കഴിഞ്ഞ 5 വര്‍ഷം വിവിധ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലായി 5.5 ബില്യന്‍ യുഎസ് ഡോളര്‍ ചൈനീസ് നിക്ഷേപം ഉണ്ടായിട്ടുണ്ടെന്നാണ് ബുധനാഴ്ച ദേശീയമാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് ചൈനയുടെ പണം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ടെന്നാണ്. ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ 75 ശതമാനത്തിലധികം കയ്യടക്കിയിരിക്കുന്നത് ചൈനീസ് കമ്പനികളാണ്. ഷവോമി 31 ശതമാനത്തിലധികവും വിവോ 21 ശതമാനത്തിലധികവും ഈ മേഖലയില്‍ കൈപ്പിടിയിലൊതുക്കുന്നു.
2000ല്‍ വെറും 3 ബില്യന്‍ യുഎസ് ഡോളറിന്റെ ഇടപാടാണ് ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയിരുന്നത്. 2018ല്‍ അത് 95.54 ബില്യനായി വര്‍ധിച്ചു. 2018ല്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി 57.86 ബില്യന്‍ യുഎസ് ഡോളായിരുന്നു. 2019ല്‍ ഇന്ത്യയിലേക്കുള്ള ചൈനീസ് കയറ്റുമതി 68 ബില്യന്‍ യുഎസ് ഡോളറും ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതി 16.32 ബില്യന്‍ യുഎസ് ഡോളറുമാണ്. അതായത് ഇന്ത്യയ്ക്ക് 52 ബില്യന്‍ യുഎസ് ഡോളറിന്റെ അടുത്ത് വ്യാപാരക്കമ്മിയുണ്ട്
ഇതിനെ ‘ചൈനീസ് സമ്പദ്വ്യവസ്ഥയെ ഇന്ത്യ ആശ്രയിക്കുന്നതിന്റെ മൂല്യം 52 ബില്യന്‍ യുഎസ് ഡോളര്‍’ ആണെന്നു വിശേഷിപ്പിക്കാം. ചൈനയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ ഊര്‍ജിതശ്രമം നടത്തുന്നുണ്ട്. 201619ല്‍ കയറ്റുമതിയില്‍ 23% വര്‍ധന ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഈ കാലത്ത് ചൈനയില്‍നിന്നുള്ള ഇറക്കുമതിയില്‍ 4.5% വര്‍ധനവാണ് ഉണ്ടായത്. 5ജി സാങ്കേതികവിദ്യ പ്രാബല്യത്തില്‍ വരുന്നതോടെ ചൈനയ്ക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ വലിയതോതിലുള്ള സ്വാധീനം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്രംപ് യുഎസില്‍ വിലക്കിയെങ്കിലും ടെക്ക് ഭീമനായ വാവെയ് കമ്പനിക്ക് ഇന്ത്യയില്‍ 5ജി ട്രയലുകള്‍ നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഭാവി വ്യാപാരങ്ങളുടെയും ഭരണനിര്‍വഹണത്തിന്റെയും അടിസ്ഥാനമാണ് 5ജി എന്നാണ് പ്രവചനം. അതിനാല്‍ത്തന്നെ ഈ മേഖലയിലെ ചൈനയുടെ പ്രവേശനത്തെക്കുറിച്ച് അതിര്‍ത്തി പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനു പുനരാലോചിക്കേണ്ടി വരും.
follow us: PATHRAM ONLINE