അതിഥി തൊഴിലാളികള്‍ക്കു നല്‍കുന്ന സംരക്ഷണം പ്രവാസികള്‍ക്കു നല്‍കാനാകില്ലെന്ന്‌സര്‍ക്കാര്‍

തിരുവനന്തപുരം : പ്രവാസികള്‍ അതിഥി തൊഴിലാളികളല്ലെന്നും അതിഥി തൊഴിലാളികള്‍ക്കു നല്‍കുന്ന സംരക്ഷണം പ്രവാസികള്‍ക്കു നല്‍കാനാകില്ലെന്നും സര്‍ക്കാര്‍. നോര്‍ക്ക സെക്രട്ടറി ഇളങ്കോവനാണ് ഉത്തരവിറക്കിയത്. പ്രവാസികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. കേസ് പരിഗണിക്കുന്ന ഘട്ടത്തില്‍, വിദേശത്തുനിന്ന് വരുന്നവരെ അതിഥി തൊഴിലാളികളായി പരിഗണിക്കാന്‍ കഴിയുമോ എന്ന് കോടതി ആരാഞ്ഞതിനെ തുടര്‍ന്നാണു നടപടി.

ഇക്കാര്യം വിശദമായി പഠിച്ചശേഷമാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വിദേശത്തുനിന്നു വരുന്നവര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന അതിഥി തൊഴിലാളികളില്‍നിന്നു നിരവധി വ്യത്യാസങ്ങളുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. അതിഥി തൊഴിലാളികള്‍ക്കു നല്‍കുന്ന സംരക്ഷണം വിദേശത്തുനിന്ന് വരുന്നവര്‍ക്കു നല്‍കാനാകില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്കു സൗജന്യ യാത്രയും സൗജന്യ ക്വാറന്റീനും നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം.

മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികള്‍ കോവിഡ് പരിശോധന നടത്തണമെന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണു പ്രവാസികളെ വിഷമത്തിലാക്കി നോര്‍ക്കയുടെ ഉത്തരവ് പുറത്തുവരുന്നത്. സൗദി അറേബ്യ അടക്കം നാല് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ മടക്കം പ്രതിസന്ധിയിലാണ്. കേരള സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ടെസ്റ്റുകള്‍ക്കു സൗദി, കുവൈത്ത്, ഒമാന്‍, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളില്‍ ഇതുവരെ അനുമതി ലഭിക്കാത്തതാണു കാരണം

നാളെ മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ വന്ദേ ഭാരത്, ചാര്‍ട്ടേഡ് വിമാനസര്‍വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യമാണ്. ടിക്കറ്റെടുത്ത ഗര്‍ഭിണികളടക്കമുള്ളവരുടെ യാത്രയാണു മുടങ്ങുന്നത്. കേന്ദ്ര സര്‍ക്കാര്‍ എംബസികള്‍ വഴി ഈ രാജ്യങ്ങളുടെ അനുമതി എത്രയും വേഗം നേടുകയോ അല്ലെങ്കില്‍ കേരളം ഉത്തരവ് നടപ്പിലാക്കുന്നതു നീട്ടിവയ്ക്കുകയോ ചെയ്യണമെന്നാണ് പ്രവാസികളുടെ ആവശ്യം.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7