ചൈനീസ് ആക്രമണം: സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിവോയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കുമെന്ന് ബിസിസഐ

ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുമായുള്ള കരാര്‍ തല്‍ക്കാലം ഐപിഎല്‍ റദ്ദാക്കില്ലെന്ന് ബിസിസിഐ. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ നിലപാട് അറിയിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറാണ് വിവോ.

‘നിലവില്‍ വിവോയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നില്ല. എന്നാല്‍, വരും വര്‍ഷങ്ങളില്‍ സ്‌പോണ്‍സര്‍ഷിപ്പ് നയത്തില്‍ മാറ്റം വരുത്തും. രാജ്യതാത്പര്യം മുന്‍നിര്‍ത്തി മാത്രമാവും ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളില്‍ ഇനി സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുക. 42 ശതമാനം നികുതിയാണ് ബിസിസിഐ സര്‍ക്കാരിനു നല്‍കുന്നത്.’ ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറയുന്നു

2022 വരെയാണ് വിവോയുമായുള്ള ഐപിഎല്ലിന്റെ കരാര്‍. ഇക്കാലയളവില്‍ 2199 കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പ് വരുമാനമായി ബിസിസിഐക്ക് ലഭിക്കും. ‘ഇതില്‍ 42 ശതമാനം നികുതി ബിസിസിഐ സര്‍ക്കാരിനു നല്‍കുന്നുണ്ട്. ഇവിടെ നിന്ന് അവര്‍ക്ക് ലഭിക്കുന്ന പണം ഇവിടെ തന്നെ തുടരുകയാണ്. അതുകൊണ്ട് തന്നെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ വിവോ ഇന്ത്യയെ തന്നെയാണ് പിന്തുണക്കുന്നത്. ചൈനയെ അല്ല. അവര്‍ ഇവിടെ മൊബൈല്‍ ഫോണുകള്‍ വിറ്റ് പണമുണ്ടാക്കുന്നു. ഞങ്ങള്‍ ആ പണം എടുത്തില്ലെങ്കില്‍ അതും ചൈനക്ക് ലഭിക്കും.’ അരുണ്‍ ധുമാല്‍ പറയുന്നു.

അതേ സമയം, ചൈനീസ് ഉപകരണങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ബിസിസിഐക്ക് സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കാന്‍ മടിയില്ല. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ ചൈനയെ ഒരു പാഠം പഠിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അരുണ്‍ പറയുന്നു.

അതേ സമയം, ഐപിഎല്‍ സീസണ്‍ ഈ വര്‍ഷം സെപ്തംബര്‍ 26ന് ആരംഭിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സെപ്തംബര്‍ 26ന് ആരംഭിച്ച് നവംബര്‍ 8ന് അവസാനിക്കും വിധമാണ് ഐപിഎല്‍ നടക്കുക. എന്നാല്‍, ടി20 ലോകകപ്പ് നടക്കുമോ ഇല്ലയോ എന്നതിനനുസരിച്ചാവും ഐപിഎലിന്റെ ഭാവി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

follow us: PATHRAM ONLINE

pathram:
Leave a Comment