അഞ്ചല്‍: ഉത്രയെ കൊലപ്പെടുത്താന്‍ സൂരജിനു പാമ്പുകളെ നല്‍കിയ പാമ്പുപിടിത്തക്കാരന്‍ സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്പുകളെ ഉപയോഗിക്കുന്നയാളാണെന്നു വനം വകുപ്പ് കണ്ടെത്തി. സുരേഷ് പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളില്‍ ഇറക്കി വിടുമായിരുന്നു. വീട്ടില്‍ വിരിഞ്ഞ മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങളെ തുറന്നു വിട്ടത് ചാത്തന്നൂര്‍ അടുതല പാലത്തിനു സമീപമാണ്.
ഇത്തരം പ്രവൃത്തികള്‍ മുന്‍പും ചെയ്തിരുന്നതായി ചോദ്യം ചെയ്യലില്‍ സുരേഷ് സമ്മതിച്ചു. വനം വകുപ്പിന്റെ കസ്റ്റഡിയില്‍ കഴിയുന്ന സൂരജിനെയും സുരേഷിനെയും ഇന്നലെ കല്ലുവാതുക്കല്‍, ചാത്തന്നൂര്‍ പ്രദേശങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് ആദ്യം ഉപയോഗിച്ച അണലിയെ ചാവര്‍കോട് സുരേഷ് കല്ലുവാതുക്കല്‍ ശാസ്ത്രിമുക്കിലെ പുരയിടത്തില്‍നിന്നു പിടിച്ചതാണെന്നു കണ്ടെത്തി. പ്രതികളെ പരിസരവാസികള്‍ തിരിച്ചറിഞ്ഞു.
ചാത്തന്നൂര്‍ എസ്ബിഐക്കു സമീപത്തു വച്ചാണു സൂരജിനു പാമ്പുകളെ വിലയ്ക്കു വില്‍ക്കുന്നതിനു കൂടിയാലോചന നടത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.ഉത്രയുടെ മരണത്തിനു ശേഷം വനം വകുപ്പ് സുരേഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇതിനെ പിന്നീട് വനപാലകര്‍ വനത്തില്‍ വിടുകയായിരുന്നു. പ്രതികളെ അടുത്ത ദിവസം ഉത്രയുടെയും സൂരജിന്റെയും വീടുകളിലും പാമ്പുകളെ കൈമാറ്റം ചെയ്ത സ്ഥലങ്ങളിലും എത്തിച്ചു തെളിവെടുപ്പ് നടത്തും.
അതേസമയം ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സൂരജും പാമ്പ് പിടിത്തക്കാരന്‍ സുരേഷും വനം വകുപ്പിന് നല്‍കിയ മൊഴി പൊലീസ് പരിശോധിച്ചുവരുകയാണ്. കേസ് അന്വേഷണം വഴി തെറ്റിക്കാന്‍ സൂരജ് ശ്രമിക്കുമെന്ന സംശയമാണ് പൊലീസിനുള്ളത്. ചോദ്യം ചെയ്യലില്‍ പൊലീസിനെ കുഴയ്ക്കാന്‍ ആദ്യഘട്ടത്തില്‍ സൂരജും സുരേഷും ശ്രമിച്ചിരുന്നു.
നാല് സ്ഥലങ്ങളില്‍ നിന്നും പിടികൂടിയ പാമ്പുകള്‍ പക്കലുണ്ടെന്നും ഏതിനെയാണ് സൂരജിന് നല്‍കിയത് എന്നത് ഓര്‍മയില്ലെന്നുമാണ് സുരേഷ് ആദ്യം നല്‍കിയ മൊഴി. ഇത് അനുസരിച്ച് നാലിടത്തും പൊലീസ് തെളിവെടുപ്പ് നടത്തി. വിശദമായ ചോദ്യം ചെയ്യലില്‍ കൃത്യമായ വിവരം പൊലീസിന് ലഭിച്ചു. ചില ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലവും ലഭിച്ചു. വാവ സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ സഹായവും ഇക്കാര്യത്തില്‍ പൊലീസിന് ലഭിച്ചു. മൂര്‍ഖനെയും അണലിയെയുമാണ് സുരേഷ് സൂരജിന് കൈമാറിയത്. മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് ഉത്രയെ സൂരജ് കൊലപ്പെടുത്തിയതെന്നാണ് കേസ്.
follow us: PATHRAM ONLINE