ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാളിന്റെ പുതിയ ഭൂപടം നിലവില്‍വന്നു

ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ സ്വന്തം ഭൂപടത്തില്‍ രേഖപ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതിയില്‍ നേപ്പാള്‍ പ്രസിഡന്റ് ഒപ്പുവച്ചു. ഇതോടെ ഭേദഗതി ഭരണഘടനയുടെ ഭാഗമാകുകയും പുതിയ ഭൂപടം നിലവില്‍ വരികയും ചെയ്തു. ഞായറാഴ്ചയാണ് ഭരണഘടനാ ഭേദഗതി ബില്‍ അധോസഭയായ ജനപ്രതിനിധി സഭ ഏകകണ്ഠമായി പാസാക്കിയത്.

നേപ്പാളിന്റെ ഉപരിസഭയായ ദേശീയ അസംബ്ലിയും ഭേദഗതി അംഗീകരിച്ചു. 57 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ആരും എതിര്‍ത്തില്ല. ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങള്‍ തങ്ങളുടേതാക്കിയാണ് നേപ്പാളിന്റെ ഭൂപട പരിഷ്‌കരിക്കരണം. 372 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശമാണിത്. ഇന്ത്യയുടെ കടുത്ത എതിര്‍പ്പു തള്ളിയാണു നേപ്പാളിന്റെ നടപടി. തങ്ങളുടെ ഭൂമി ഇന്ത്യ കയ്യടക്കി വച്ചിരിക്കുകയാണെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ അവ തിരിച്ചുപിടിക്കുമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കെ.പി. ശര്‍മ ഒലി സര്‍ക്കാര്‍ ‘പ്രതീക്ഷാത്മകവും അനുകൂലവുമായ’ സാഹചര്യം സൃഷ്ടിച്ചാല്‍ ചര്‍ച്ചയാകാമെന്നാണ് ഇന്ത്യയുടെ നിലപാട്. നേപ്പാളുമായുള്ള ഇന്ത്യയുടെ ബന്ധം വെറും സാധാരണമെല്ലെന്നും അത് ‘റോട്ടി ഔര്‍ ബേഠി’ എന്ന നിലയിലുള്ളതാണെന്നും അതു ഇല്ലാതാക്കാന്‍ കഴിയില്ലെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തിങ്കളാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിയാണ് നേപ്പാളിന്റെ നടപടി.

FOLLOW us: pathram online

Similar Articles

Comments

Advertismentspot_img

Most Popular