ചൈനയ്ക്ക് വലിയ നഷ്ടങ്ങള്‍ സംഭവിക്കുമെന്ന് ഇന്ത്യ : 15,000ത്തിലധികം സൈനികരെ വിന്യസിച്ചു, യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് സൈനിക വൃത്തങ്ങള്‍

ന്യൂഡല്‍ഹി: മേജര്‍ ജനറല്‍തല ചര്‍ച്ചയിലും തീരുമാനമാകാതെ ഇന്ത്യ ചൈന സംഘര്‍ഷം. ഇന്നലെ രാത്രി വൈകിയും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് ഇരുരാജ്യങ്ങളും തയാറായില്ല. ഇന്ന് തുടര്‍ചര്‍ച്ച നടക്കും.

അതിനിടെ, നിയന്ത്രണരേഖയോട് ചേര്‍ന്ന് ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള സ്ഥലങ്ങളില്‍ യുദ്ധസമാനമായ തയാറെടുപ്പുകളാണ് നടക്കുന്നത്. ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കണമെന്ന് സൈന്യത്തിന് നിര്‍ദേശമുണ്ട്. കിഴക്കന്‍ ലഡാക്കിലെ മുന്‍നിര സൈനിക പോസ്റ്റുകളില്‍ 15,000ത്തിലധികം ഇന്ത്യന്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സേന പിന്മാറില്ലെന്നും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. പ്രകോപനപരമായ ആക്രമണങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്ന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറി അനാവശ്യമായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു അവരെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ പ്രദേശം സ്വന്തമാക്കാന്‍ ശ്രമിച്ചാല്‍ ചൈനയ്ക്ക് വലിയ നഷ്ടങ്ങളായിരിക്കും ഉണ്ടാകുകയെന്നും അവര്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സൈന്യം നിലപാട് കൂടതല്‍ ശകതമാക്കിയത്.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, യുദ്ധസമാന സാഹചര്യം മുന്നില്‍ക്കണ്ട് ആയുധങ്ങള്‍ സംഭരിക്കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കി. ഏതൊക്കെ ആയുധങ്ങളാണ് അടിയന്തരമായി വാങ്ങേണ്ടതെന്ന കാര്യത്തില്‍ 3 സേനാ മേധാവികളുമായി ചര്‍ച്ച നടത്താനും സംഭരണ നടപടികള്‍ ഏകോപിക്കാനും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ ചുമതലപ്പെടുത്തി. കോവിഡ് പശ്ചാത്തലത്തില്‍ ആയുധസംഭരണത്തിനു നേരത്തേ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

അതിര്‍ത്തിയോടു ചേര്‍ന്നുള്ള സേനാതാവളങ്ങളിലേക്കുള്ള ആയുധനീക്കവും വേഗത്തിലാക്കി. വ്യോമതാവളങ്ങളിലേക്ക് (ഫോര്‍വേഡ് ബേസ്) യുദ്ധവിമാനങ്ങളും നീക്കി. ഒപ്പം, ഇന്തോ പസഫിക് സമുദ്രമേഖലയില്‍ ചൈനീസ് കടന്നുകയറ്റ നീക്കങ്ങള്‍ക്കു തടയിടാന്‍ നാവികസേനാ യുദ്ധക്കപ്പലുകള്‍ നിലയുറപ്പിക്കും. യുഎസിന്റെ 3 വിമാനവാഹിനി കപ്പലുകള്‍ ചൈനയെ ലക്ഷ്യമിട്ട് സമുദ്രമേഖലയിലുണ്ട്.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7