ചൈനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിക്കേണ്ടി വന്നിതിനെ തുടര്‍ന്ന് ചൈനയ്‌ക്കെതിരേ ഇന്ത്യയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണം ഉപേക്ഷിക്കണമെന്ന നിര്‍ദേശവുമായി ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള പത്രമായ ഗ്ലോബല്‍ ടൈംസ് രംഗത്ത്. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പേരില്‍ ചൈനീസ് ടെക് കമ്പനികള്‍ക്കും സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നത് ഇരുരാജ്യങ്ങള്‍ക്കും നല്ലതല്ലെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയുടെ ഏറ്റവും വലിയ വിപണിയായ ഇന്ത്യ വിലക്കേര്‍പ്പെടുത്തിയാല്‍ രാജ്യത്തെ സാമ്പത്തികനില തന്നെ പ്രതിസന്ധിയിലാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ചൈനീസ് സ്മാര്‍ട് ഫോണ്‍, മറ്റു ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. യൂറോപ്പും അമേരിക്കയും ചൈനീസ് ഉല്‍പ്പന്നങ്ങളെ വിലക്കാന്‍ തുടങ്ങിയതോടെ ഇനിയുള്ള പ്രതീക്ഷ ഏഷ്യയിലെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയാണ്. എന്നാല്‍, ഇന്ത്യയുടെ സാമ്പത്തിക, മറ്റു സമകാലിക പ്രശ്‌നങ്ങളെ എടുത്തുകാണിച്ചാണ് ചൈനീസ് ബഹിഷ്‌കരണം ഉപേക്ഷിക്കണമെന്ന് ഗ്ലോബല്‍ ടൈംസ് ആവശ്യപ്പെടുന്നത്.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ മേഖലയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുമായി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത് യാഥാര്‍ഥ്യബോധമില്ലാത്തതും സ്വയം നശിപ്പിക്കുന്നതുമാണെന്ന് ഇന്ത്യയിലെ ചില ശബ്ദങ്ങള്‍ ആവര്‍ത്തിച്ചു ചൂണ്ടിക്കാണിക്കുന്നു. അതിര്‍ത്തി പ്രശ്‌നങ്ങളെ നിക്ഷേപങ്ങളുമായും വ്യാപാരവുമായും അന്ധമായി ബന്ധപ്പെടുത്തുന്നത് യുക്തിരഹിതമാണെന്നുമാണ് പത്രം പറയുന്നത്.
അതിര്‍ത്തിയിലെ പുതിയ പിരിമുറുക്കങ്ങള്‍ വിലയിരുത്തുമ്പോള്‍, ചൈനയുടെ നിയന്ത്രണം ദുര്‍ബലമല്ലെന്ന് ഇന്ത്യ മനസ്സിലാക്കണം. ഇരു രാജ്യങ്ങളും തങ്ങളുടെ വിലയേറിയ വികസന അവസരങ്ങള്‍ വിലമതിക്കുകയും ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുകയും വേണം. ചൈന വിരുദ്ധ ഗ്രൂപ്പുകളെ പൊതുജനാഭിപ്രായം ഇളക്കിവിടാന്‍ ഇന്ത്യ അനുവദിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും ചൈനീസ് മാധ്യമം നിരീക്ഷിക്കുന്നു.
FOLLOW US: pathram online online latest news