ഉറവിടമറിയാത്ത 60 കോവിഡ് കേസുകള്‍; രോഗവ്യാപന പഠനം നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടമറിയാത്ത 60 കോവിഡ് രോഗബാധ പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. രോഗവ്യാപന പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. മേയ് നാലിനു ശേഷമാണ് ഇതില്‍ 49 പേരുടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്തു മരിച്ച ഫാ. കെ.ജി.വര്‍ഗീസ്, കൊല്ലത്ത് മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച സേവ്യര്‍, രോഗമുക്തനായശേഷം മരിച്ച കൊല്ലം സ്വദേശി അബ്ദുല്‍ കരീം, കണ്ണൂര്‍ ധര്‍മടത്ത് മരിച്ച ആസിയയുടെയും കുടുംബാംഗങ്ങളുടെയും രോഗബാധ, ചക്ക തലയില്‍ വീണതിനു ചികിത്സ തേടിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട്ടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ തുടങ്ങിയവര്‍ക്ക് എങ്ങനെ രോഗം വന്നെന്നു വ്യക്തമല്ല.

മാര്‍ച്ച് 23 മുതല്‍ ജൂണ്‍ 6 വരെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 60 പേരുടെ രോഗഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. മേയ് 4 മുതല്‍ ജൂണ്‍ 6 വരെയുള്ള ദിവസങ്ങളിലാണ് ഇതില്‍ 49 എണ്ണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഉറവിടമറിയാത്ത കൂടുതല്‍ രോഗബാധിതര്‍. കഴിഞ്ഞ ദിവസത്തെ അവലോകനയോഗത്തില്‍ വിഷയം ചര്‍ച്ചയായതോടെയാണു രോഗവ്യാപന പഠനം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

ആരോഗ്യ വകുപ്പിനാണ് പഠിക്കാനുള്ള ചുമതല. ഈ കണക്കുകള്‍ ഐസിഎംആറിനും നല്‍കും. കേരളത്തില്‍ നിന്ന് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കു പോയ 50 ഓളം പേര്‍ക്ക് ചെന്നയുടന്‍ അവിടെ രോഗം സ്ഥിരീകരിച്ചതും ഇവിടെ അതിജാഗ്രത ആവശ്യപ്പെടുന്നു. സമൂഹവ്യാപനമുണ്ടായോ എന്നറിയാന്‍ നടത്തിയ ആന്റിബോഡി പരിശോധനാഫലം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. കൃത്യമായ കണക്കുകള്‍ പുറത്തുവിട്ട് ജനങ്ങള്‍ക്ക് രോഗവ്യാപനത്തിന്റെ യഥാര്‍ഥ ചിത്രം നല്‍കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular