കുപ്രചാരകരുടെ കൂട്ടത്തില്‍ കേന്ദ്ര സഹമന്ത്രിയും; മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ബാധിച്ചവരെ സംസ്ഥാനത്തേക്കു പ്രവേശിപ്പിക്കില്ലെന്ന് കേരളം ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പരിശോധന നടത്തണമെന്നാണ് പറഞ്ഞിട്ടുള്ളത്. അതിനെ മറ്റു തരത്തില്‍ വ്യഖ്യാനിക്കേണ്ടതില്ലെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരനു മറുപടിയായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇത് പ്രവാസികള്‍ക്ക് എതിരാണെന്ന ദുരുപദിഷ്ടമായ ഒരു പ്രചരണം നടക്കുന്നുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ആ കുപ്രചാരകരുടെ കൂട്ടത്തില്‍ ഒരു കേന്ദ്ര സഹമന്ത്രി കൂടി ഭാഗഭാക്കാകുന്നതാണ് കാണുന്നത്. എന്നാല്‍ ഇതേ കേന്ദ്ര സഹമന്ത്രി മാര്‍ച്ച് 11-ന് പറഞ്ഞ കാര്യം ഓര്‍ക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗമുള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തില്‍ യാത്ര ചെയ്താല്‍, രോഗം പകരാം. അതത് രാജ്യങ്ങളില്‍ തന്നെ പരിശോധന നടത്തി രോഗമില്ലാത്തവരെ കൊണ്ടുവരികയും രോഗമുള്ളവരെ അവിടെ തന്നെ ചികിത്സിക്കുകയുമാണ് പ്രായോഗികം- എന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വാക്കുകള്‍ മുഖ്യമന്ത്രി ഉദ്ധരിച്ചു. ഇതായിരുന്നു മുരളീധരന്റെ അന്നത്തെ നിലപാടെന്നും ഇപ്പോള്‍ അതില്‍നിന്ന് മാറുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

രോഗമുള്ളവരെയും നാട്ടിലേക്ക് എത്തിക്കാന്‍ തടസമില്ലെന്ന നിലപാടാണ് കേരളം എടുത്തിട്ടുള്ളത്. പക്ഷെ രോഗമുള്ളവര്‍ മാത്രമായി വരണം. രോഗമുള്ളവരും ഇല്ലാത്തവരും ഒരുമിച്ചായാല്‍ രോഗമില്ലാത്തവരിലേക്ക് വ്യാപിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രോഗമുള്ളവര്‍, അവരുടെ ആരോഗ്യസ്ഥിതി സമ്മതിക്കുന്നെങ്കില്‍ പ്രത്യേകമായി കൊണ്ടുവരുന്ന നില സ്വീകരിച്ചാല്‍ രണ്ടുകയ്യും നീട്ടി സ്വീകരിക്കാന്‍ കേരളം തയ്യാറാണ്. ആവശ്യമായ ചികിത്സ ഇവിടെനിന്ന് കൊടുക്കുകയും ചെയ്യാം. രോഗമുള്ളവരാകെ അവിടെത്തന്നെ കഴിയട്ടേ എന്ന നിലപാട് ഒരു ഘട്ടത്തിലും കേരളം പറഞ്ഞിട്ടില്ല.

പരിശോധനയില്ലാതെ വരുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന് സംസ്ഥാനം ആശങ്കപ്പെട്ടപ്പോള്‍ കേന്ദ്ര സഹമന്ത്രി പ്രതികരിച്ചതും മുഖ്യമന്ത്രി ഉദ്ധരിച്ചു. “ഇദ്ദേഹത്തോട് ആരാണ് പറഞ്ഞത് കൊറോണയുടെ ടെസ്റ്റ് ഇല്ലാതെയാണ് കൊണ്ടുവരുന്നതെന്ന്. ഞങ്ങള്‍ അവിടെനിന്നുള്ള ടെസ്റ്റ് നടത്തിയതിനു ശേഷമാണ് ആളുകളെ ഇങ്ങോട്ട് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. എല്ലാ ആളുകളെയും അവര്‍ വിമാനത്തില്‍ കയറുന്നതിനു മുമ്പ് ടെസ്റ്റിന് വിധേയമാക്കും. വിധേയരാക്കിയതിനു ശേഷം മാത്രമേ അവരെ കയറ്റൂ”വെന്നാണ് അന്ന് മുരളീധരന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതു പറഞ്ഞയാള്‍ തന്നെയാണ് ഇന്ന് കേരളം ടെസ്റ്റിനു വേണ്ടി പറയുന്നത് മഹാപാതകമെന്ന് പറഞ്ഞു നടക്കുന്നത്. മേയ് അഞ്ചിനാണ് ഇങ്ങനെ പറഞ്ഞത്. അതിനു ശേഷം ഇങ്ങനെ നിലപാട് മാറ്റാന്‍ എന്ത് അദ്ഭുതമാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി ആരാഞ്ഞു. അത് അദ്ദേഹം തന്നെ വ്യക്തമാക്കണം. കോവിഡ് ബാധിച്ചവര്‍ മറ്റുള്ളവരോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്യുന്നത് എന്തായാലും ഒഴിവാക്കണം. രോഗം പടരുന്നത് തടയാന്‍ ഈ നിയന്ത്രണം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

FOLLOW US: PATHRAM ONLINE DAILYHUNT

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7