സുശാന്തിന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശ സര്‍വകലാശാലയും

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് ഫ്രാന്‍സിലെ അന്താരാഷ്ട്ര ബഹിരാകാശ സര്‍വകലാശാലയും. നടന്റെ മരണവാര്‍ത്ത വളരെ വേദനാജനകമാണെന്ന് സര്‍വകലാശാല പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ സര്‍വകലാശാല അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് അനുശോചനം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം സുശാന്ത് കാമ്പസ് സന്ദര്‍ശിക്കാനിരുന്നത് ആയിരുന്നെന്നും എന്നാല്‍ ഔദ്യോഗിക തിരക്കുകള്‍ കാരണം അത് നടന്നില്ലെന്നും സര്‍വകലാശാല ട്വീറ്റില്‍ കുറിച്ചു.

‘പ്രശസ്ത ഇന്ത്യന്‍ നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവാര്‍ത്ത അങ്ങേയറ്റം ഖേദകരമാണ്. STEM വിദ്യാഭ്യാസത്തെ അനുകൂലിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ISU വിനെ പിന്തുടര്‍ന്നിരുന്നു. 2019ല്‍ കാമ്പസ് സന്ദര്‍ശിക്കാന്‍ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം തയ്യാറായിരുന്നെങ്കിലും തിരക്കുകള്‍ കാരണം നടന്നില്ല. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നു.’ – ട്വീറ്റില്‍ സര്‍വകലാശാല കുറിച്ചു.


2003ല്‍ ഡല്‍ഹി കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ പ്രവേശനം നേടിയ സുശാന്ത് അഭിനയമോഹം സഫലമാക്കാന്‍ വേണ്ടി കോഴ്‌സ് ഉപേക്ഷിക്കുകയായിരുന്നു. കോഴ്‌സ് ഉപേക്ഷിച്ചെങ്കിലും ശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും തല്‍പരനായിരുന്നു. ചന്ദാ മാമാ ദൂര്‍ കെ എന്ന ചിത്രത്തിനു വേണ്ടിയുള്ള പഠനത്തിന്റെ ഭാഗമായി 2017ല്‍ നാസ സന്ദര്‍ശിച്ചു. വിലകൂടിയ ടെലസ്‌കോപ്പും താരത്തിന്റെ കൈവശം ഉണ്ടായിരുന്നു.

മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്‌ലാറ്റില്‍ ഞായറാഴ്ചയാണ് 34കാരനായ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദരോഗത്തിന് താരം മരുന്നു കഴിച്ചു വന്നിരുന്നതായി അന്വേഷണത്തില്‍ മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment