കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയി കുറ്റക്കാരനാണെന്ന കോടതി വിധിയിൽ പ്രതികരണവുമായി അയാളുടെ മാതാവ്. മൂന്ന് പെൺമക്കളുടെ മാതാവായ തനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദനയുടെ ആഴം മനസിലാകുമെന്ന് മാലതി റോയ് പറഞ്ഞു. ”എനിക്ക് മൂന്ന് പെൺമക്കളാണ്. എനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദന മനസ്സിലാകും. അവൻ അർഹിക്കുന്ന ശിക്ഷ എന്തു തന്നെയാണെങ്കിലും അത് ഏറ്റുവാങ്ങട്ടെ. തൂക്കി കൊല്ലാൻ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും”- മാലതി റോയി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കൊൽക്കത്ത സീൽദായിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചത്. തന്റെ സഹോദരൻ സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് അയാളുടെ സഹോദരി സബിത പറഞ്ഞു. അയാൾ അറസ്റ്റിലായതിന് ശേഷം വീടിന് പുറത്തിറങ്ങാൻ പോലും ഭയമാണ്. മുൻപ്ആഴ്ചയിൽ ഒരിക്കൽ ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നു. അയാൾ കാരണം അതും നിർത്തേണ്ടി വന്നു. ഒരാൾ ചെയ്ത കുറ്റത്തിന് തങ്ങൾ എല്ലാവരും ശാപം ഏറ്റുവാങ്ങുകയാണ്. ആളുകൾ വളരെ മോശമായാണ് തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നത്. തന്റെ ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് പോലും പഴികേൾക്കേണ്ടി വന്നു.
മാത്രമല്ല ഈ കൊലപാതകം സഞ്ജയ് റോയ് ഒറ്റയ്ക്ക് ചെയ്തുവെന്നത് വിശ്വസിക്കാനാകുന്നില്ലസ അയാൾക്ക് കൂട്ടാളികൾ ഉണ്ടായിരുന്നിരിക്കാമെന്നും സഹോദരി പറഞ്ഞു. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കാനിരിക്കെയാണ് പ്രതിയുടെ മാതാവ് മാലതി റോയിയും സഹോദരിയും പ്രതികരണവുമായി രംഗത്തെത്തിയത്. സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായതിന് ശേഷം ഒരിക്കൽ പോലും മാതാവോ, സഹോദരിയോ അയാളെ കാണാൻ ജയിലിൽ എത്തിയില്ല.
ഗാസയിലെ വെടി നിര്‍ത്തല്‍ ഹമാസിന്റെ വിജയമെന്ന് മീഡിയവണിലെ സി. ദാവൂദ്; ലോക രാഷ്ട്രീയത്തെ വക്രീകരിച്ച് കൊച്ചു കേരളത്തിന്റെ സമാധാനം കളയരുതെന്ന് സോഷ്യല്‍ മീഡിയ
നിർഭയ കേസിന് സമാനമായി പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. അതിക്രൂരമായ ഈ കൊലപാതക കുറ്റത്തിന് പ്രതിയ്ക്ക് വധശിക്ഷയോ, 25 വർഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്ന് വിധി വിശദീകരിച്ചുകൊണ്ട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പറഞ്ഞു.
രാജ്യത്തെയാകമാനം ഞെട്ടിച്ച സംഭവമായിരുന്നു കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. ഈ സംഭവത്തിന് പിന്നാലെ ഡോക്ടർമാരുടെ വ്യാപക പ്രതിഷേധം ഉൾപ്പെടെ രാജ്യത്ത് അരങ്ങേറി. 2024 ഓഗസ്റ്റ് ഒൻപതിനാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു.
ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടർന്ന് പുലർച്ചെ നാലുമണിയോടെ ഇയാൾ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാൾ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. സെമിനാർ ഹാളിൽ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Leave a Comment