ചൈന ആക്രമണം: വീണ്ടും ‘ബോയ്‌ക്കോട്ട് ചൈന’ ആഹ്വാനം

കിഴക്കന്‍ ലഡാക്കിലെ ഇന്ത്യചൈന സംഘര്‍ഷ വാര്‍ത്തകള്‍ക്ക് പിന്നാലെ ‘ബോയ്‌ക്കോട്ട് ചൈന’ ആഹ്വാനം ശക്തിപ്പെടുത്തി ആര്‍.എസ്.എസ്. അനുബന്ധപ്രസ്ഥാനമായ സ്വദേശി ജാഗരണ്‍ മഞ്ച്. ചൈനയുമായി വ്യാപാരം തുടരുന്നവരുടെ കണ്ണു തുറപ്പിക്കുന്ന സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ ആയ അശ്വിനി മഹാജന്‍ ട്വീറ്റ് ചെയ്തു.

ഡല്‍ഹിമീററ്റ് ആര്‍.ആര്‍.ടി.എസ്. നിര്‍മാണ പദ്ധതിയില്‍ നിന്നുള്ള ചൈനീസ് പങ്കാളിത്തത്തെ മാറ്റണമെന്നും അശ്വിനി ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസമാണ് പദ്ധതിയില്‍ ചൈനീസ് കമ്പനിയായി ഷാങ്ഹായ് ടണല്‍ എഞ്ചിനീയറിങ് ലിമിറ്റഡ് പങ്കാളികളായത്. കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം, ഇത് മേക്ക് ഇന്ത്യയുടെ അന്തസത്തയ്ക്ക് ചേരുന്നതല്ലെന്നും അശ്വിനി മഹാജന്‍ അഭിപ്രായപ്പെട്ടു.

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സ്വദേശി ജാഗരണ്‍ മഞ്ച് നേരത്തെയും രംഗത്തെത്തിയിരുന്നു.

അതേസമയം കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ വാലിയില്‍ നടന്ന ചൈനീസ് ആക്രമണത്തില്‍ ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസറും രണ്ട് സൈനികരും വീരമൃത്യു വരിക്കാനിടയായ സംഭവം ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സംഭവം ഞെട്ടിക്കുന്നതും അംഗീകരിക്കാനാകാത്തതുമാണെന്ന് പ്രതികരിച്ച കോണ്‍ഗ്രസ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തണമെന്നും ആവശ്യപ്പെട്ടു.

‘ഞെട്ടിക്കുന്നത്, അവിശ്വസനീയം, അംഗീകരിക്കാനാവാത്തത്. പ്രതിരോധ മന്ത്രി ഇത് സ്ഥിരീകരിക്കുമോ?’ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ട്വീറ്റ് ചെയ്തു.

ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍ വാലിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ രണ്ട് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വെടിവെയ്പ്പ് ഉണ്ടായിട്ടില്ലെന്നും കൈയാങ്കളിയാണ് ഉണ്ടായതെന്നുമാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ആന്ധ്രപ്രദേശ് സ്വദേശിയായ കേണല്‍ ബി.സന്തോഷ് ബാബുവാണ് മരിച്ചത്. സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. 1975ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം സൈനികരുടെ മരണത്തിലേക്ക് നയിക്കുന്നത്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7