കോവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപത. മൃതദേഹം ദഹിപ്പിക്കാന്‍ സെമിത്തേരിയിലോ പള്ളിപ്പറമ്പിലോ സൗകര്യമില്ലെങ്കില്‍ സ്വന്തം വീട്ടുവളപ്പില്‍ ദഹിപ്പിക്കാം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി.
മൃതദേഹം ദഹിപ്പിക്കുന്നത് ക്രൈസ്തവ സഭകളുടെ രീതിയിലുള്ള കാര്യമല്ല. കോവിഡ് പശ്ചാത്തലത്തിലാണ് അസാധാരണ നടപടികള്‍ അതിരൂപതയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വിവിധ പള്ളികളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് സംബന്ധിച്ച് വലിയ വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ സര്‍ക്കുലര്‍ വന്നിരിക്കുന്നത്.
മൃതദേഹം സെമിത്തേരിയിലെ പള്ളിപ്പറമ്പിലോ ആകാം. ഇവിടങ്ങളില്‍ അതിന് സൗകര്യമില്ലെങ്കില്‍ വീട്ടുവളപ്പില്‍ മൃതദേഹം ദഹിപ്പിക്കാം. ഇതിന് ശേഷം അവശേഷിക്കുന്ന ചിതാഭസ്മം കല്ലറയിലേക്ക് മാറ്റാമെന്നാണ് അതിരൂപത പറയുന്നത്. മൃതദേഹം ദഹിപ്പിക്കുന്നതിന് മരിച്ച ആളുടെ ബന്ധുക്കളുടെ സമ്മതം ഉണ്ടായിരിക്കണം.
മൃതദേഹം ദഹിപ്പിക്കുന്നതിനേക്കാള്‍ പരമ്പരാഗത രീതിയില്‍ സംസ്‌കരിക്കുന്നതിനേയാണ് സഭ പ്രോത്സാഹിപ്പിക്കുന്നതെന്നും അതിരൂപത വ്യക്തമാക്കുന്നു. മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു പള്ളിയിലെ സെമിത്തേരിയിലോ അതിനും സാധിച്ചില്ലെങ്കില്‍ വീട്ടുവളപ്പിലോ സംസ്‌കരിക്കാമെന്നും കോവിഡ് പശ്ചാത്തലത്തില്‍ മാത്രമാണ് ഇത്തരത്തില്‍ അനുവദിക്കുന്നതെന്നും തൃശ്ശൂര്‍ അതിരൂപതയുടെ സര്‍ക്കുലറില്‍ പറയുന്നു.
ഇടവക പള്ളിസെമിത്തേരിക്ക് പുറത്ത് സംസ്‌കരിക്കുന്ന മൃതദേഹങ്ങളുടെ ഭൗതികാവശിഷ്ടങ്ങള്‍ നിശ്ചിത കാലയളവിന് ശേഷം പള്ളിസെമിത്തേരിയില്‍ അടക്കം ചെയ്യാമെന്നും അതിരൂപത സര്‍ക്കുലറില്‍ പറയുന്നു.
FOLLOW US: pathram online latest news