ഭൂമി തിരിമറി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വീണ്ടും ആരോപണം; സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ട് പോസ്റ്ററുകള്‍

കൊച്ചി: കത്തോലിക്കാ സഭാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നതിനു മുന്‍പേ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പുതിയ ഭൂമി വില്‍പ്പന ആരോപണം. കാക്കനാട് കാര്‍ഡിനല്‍ കോളനിയിലെ സ്ഥലവും വീടും ആലഞ്ചേരി തന്റെ കുടുംബാംഗങ്ങള്‍ക്ക് റീ രജിസ്റ്റര്‍ ചെയ്തുനല്‍കിയെന്ന് ആരോപിച്ച് എഎംടിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ രേഖകളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. സഭാ ഭൂമിയിടപാടില്‍ ആലഞ്ചേരിക്കെതിരെ രംഗത്തുവന്നിരുന്ന ഒരു വിഭാഗം വിശ്വാസികളുടെ കൂട്ടായ്മയാണ് എഎംടി.

അതിനിടെ, ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എറണാകുളത്തെ സെന്റ് മേരീസ് ബസലിക്ക അടക്കമുള്ള പ്രധാനപ്പെട്ട പള്ളികളുടെ മുന്നിലെല്ലാം കര്‍ദിനാളിനെതിരെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ക്രിമില്‍ ഗൂഢാലോചന, സാമ്പത്തിക തിരിമറി, വിശ്വാസവഞ്ചന എന്നിങ്ങനെയുള്ള ആരോപണങ്ങളും പോസ്റ്ററില്‍ ഉന്നയിച്ചിട്ടുണ്ട്.

കാക്കനാട് നിര്‍ധനരായ 40 കുടുംബങ്ങള്‍ക്ക് കാര്‍ഡിനല്‍ കോളനി എന്ന പേരില്‍ സഭ വീടുവെച്ചു കൊടുത്തിരുന്നു. അതില്‍ ഒരെണ്ണം ആലഞ്ചേരി കുടുംബത്തിന്റെ കൈയില്‍ എത്തിയെന്നാണ് എഎംടി പറയുന്നത്. വീടുകള്‍ കൈമാറാന്‍ പാടില്ല എന്ന വ്യവസ്ഥ ഉണ്ടായിരിക്കെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇടപെട്ട് ഈ വീട് ആലഞ്ചേരി കുടുംബത്തില്‍ പെട്ട മറ്റൊരാള്‍ക്ക് വിറ്റെന്നാണ് ആരോപണം. 2016ല്‍ നടത്തിയ റീ രജിസ്‌ട്രേഷന്റെ രേഖകളും എഎംടി പുറത്തുവിട്ടിട്ടുണ്ട്.

22,50,500 രൂപയുടെ ഇടപാടാണ് നടന്നതെന്ന് രേഖകളില്‍ ഉണ്ടെങ്കിലും തുക സഭയുടെ അക്കൗണ്ടില്‍ വന്നിട്ടില്ലെന്നാണ് ആരോപണം. അതിരൂപതയുടെ പാന്‍കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാട് നടന്നത്. നേരത്തെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന ഫാ. ജോഷി പുതുവയുടെ സാന്നിധ്യത്തിലാണ് ഇടപാട് നടന്നതെന്നും എഎംടി ആക്ഷേപിക്കുന്നു. വിഷയത്തില്‍ പരാതിയുമായി പോലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍. എന്നാല്‍, വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും സഭ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7