ന്യൂഡല്‍ഹി: ദിനിംപ്രതി കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചവരുന്ന സാഹചര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 20,000 ത്തോളം കിടക്കകള്‍ കൂടി കണ്ടെത്താന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വൈദ്യസഹായം ലഭ്യമാക്കുന്നതിനായി 40 ഓളം ഹോട്ടലുകളും 80 ഓളം ഹാളുകളും ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ഉത്തരവിനെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ജില്ലാ ഭരണകൂടം 22 ഹാളുകളെ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉത്തരവിറക്കി. അവിടെ 3,300 കിടക്കകള്‍ അധികൃതര്‍ സ്ഥാപിക്കും. പദ്ധതി പ്രകാരം ഹാളുകളെ നഴ്സിംഗ് ഹോമുകളുമായി ബന്ധിപ്പിക്കുമെന്നും ഹോട്ടലുകളില്‍ ആശുപത്രി സേവനങ്ങള്‍ ലഭ്യമാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡല്‍ഹി കൊറോണ ആപ്പിലെ വിവരങ്ങള്‍ അനുസരിച്ച് നഗരത്തില്‍ ആകെയുള്ളത് 9,850 കിടക്കകളാണ്. ഇതില്‍ 5,448 എണ്ണം ഇതിനകം തന്നെ ഉപയോഗത്തിലുള്ളപ്പോള്‍ 4,402 കിടക്കകള്‍ മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. ഹോട്ടലുകളില്‍ 4,000 കിടക്കകളും ഹാളുകളില്‍ 11,000 കിടക്കകളും നഴ്സിംഗ് ഹോമുകളില്‍ 5,000 കിടക്കകളും ക്രമീകരിക്കാനാകുമെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം 39,000 ല്‍ എത്തിയിരുന്നു. രോഗം ബാധിച്ച് ഇതുവരെ 1,200 ലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ചികിത്സയ്ക്കായി എത്തിയാല്‍ ജൂലൈ 31 നകം 1.5 ലക്ഷം കിടക്കകള്‍ ആവശ്യമായി വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു.
follow us: pathram online latest news