മിഥുനമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു.തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്കുകള്‍ തെളിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണർക്കും ഡ്യൂട്ടിക്കെത്തിയ ക്ഷേത്ര ജീവനക്കാർക്കും തന്ത്രിയും മേൽശാന്തിയും വിഭൂതി പ്രസാദം വിതരണം ചെയ്തു.നട തുറന്ന ഇന്ന് പതിവ് പൂജകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
15 ന് ആണ് മിഥുനം ഒന്ന്.അന്നേദിവസം പുലര്‍ച്ചെ തിരുനട തുറന്ന് നിര്‍മ്മാല്യദര്‍ശനവും അഭിഷേകവും നടത്തും.തുടര്‍ന്ന് മണ്ഡപത്തില്‍ ഗണപതിഹോമം നടക്കും.കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിലുള്ള ലോക് ഡൗണ്‍ കണക്കിലെടുത്ത് ഈ മാസപൂജ സമയത്തും അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചിട്ടില്ല. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകളും ചടങ്ങുകളും മാത്രമെ ഉണ്ടാവുകയുള്ളൂ.
ഉദയാസ്തമനപൂജ,നെയ്യഭിഷേകം,കളഭാഭിഷേകം,പടിപൂജ,പുഷ്പാഭിഷേകം,സഹസ്രകലശാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകള്‍ ഈ ദിവസങ്ങളില്‍ ഉണ്ടാവുകയില്ല.മിഥുന മാസ പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി ഹരിവരാസനം പാടി ശബരിമല ശ്രീകോവില്‍ നട അടയ്ക്കും. ജൂലൈമാസം 15 മുതല്‍ 20 വരെയായിരിക്കും കര്‍ക്കിടകമാസ പൂജകള്‍ നടക്കുക.
Follow us- pathram online