കൊറോണയേക്കാള്‍ വലിയ രോഗമാണ് മോദിയെന്ന് അഫ്രീദി; പിന്നാലെ കോവിഡ് ബാധിച്ചു

‘ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിനേക്കാള്‍ വലിയ രോഗം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിലാണ്’ പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ഈ വിവാദ പരാമര്‍ശം നടത്തി അധികകാലമായില്ല. ദിവസങ്ങള്‍ മാത്രം പിന്നിട്ടുകഴിഞ്ഞപ്പോള്‍ അതേ അഫ്രീദി തന്നെ ഈ മഹാമാരിയുടെ പിടിയിലായി. ശനിയാഴ്ച ട്വിറ്ററിലെ പോസ്റ്റില്‍ അഫ്രീദി തന്നെയാണ് തന്റെ രോഗവിവരം പുറംലോകത്തെ അറിയിച്ചത്.

ലോക്ഡൗണ്‍ കാലത്ത് പാക്ക് അധീന കശ്മീരില്‍വച്ചാണ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അധിക്ഷേപിച്ച് ഷാഹിദ് അഫ്രീദി വിവാദം സൃഷ്ടിച്ചത്. ‘ഇന്നിതാ ഞാന്‍ നിങ്ങളുടെ സുന്ദരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. നിങ്ങളെ സന്ദര്‍ശിക്കണമെന്ന് ദീര്‍ഘനാളായി ആഗ്രഹിക്കുന്നതാണ്. ഈ ലോകമിന്ന് ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. എന്നാല്‍, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരില്‍ മാത്രം വിന്യസിച്ചത്.’ അഫ്രീദി പറഞ്ഞതിങ്ങനെ. ഇന്ത്യയിലെ കശ്മീരികളും പാക്കിസ്ഥാന്‍ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്നും അഫ്രീദി അവകാശപ്പെട്ടിരുന്നു.

പാക്ക് അധീന കശ്മീരില്‍ അഫ്രീദി നടത്തിയ ഇന്ത്യാവിരുദ്ധ പ്രസ്താവനയില്‍ പ്രതിസന്ധിയിലായത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങും ഹര്‍ഭജന്‍ സിങ്ങുമാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പാക്കിസ്ഥാനില്‍ സാധാരണക്കാര്‍ക്കു സഹായമെത്തിക്കുന്നതിനായി സജീവ പ്രവര്‍ത്തനങ്ങളിലായിരുന്നു അഫ്രീദിയും അദ്ദേഹത്തിന്റെ ഫൗണ്ടേഷനും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ചും സഹായിക്കാന്‍ മറ്റുള്ളവരെ ആഹ്വാനം ചെയ്തും രംഗത്തെത്തിയതാണ് യുവരാജിനും ഹര്‍ഭജനും വിനയായത്.

മാനവസ്‌നേഹം ഉയര്‍ത്തി ഈ സന്നദ്ധപ്രഖ്യാപനം ന്യായീകരിച്ച് പിടിച്ചുനില്‍ക്കുമ്പോഴായിരുന്നു അഫ്രീദിയുടെ പാക്ക് അധീന കശ്മീര്‍ സന്ദര്‍ശനവും വിവാദ പ്രസ്താവനയും. ഇതോടെ ഇരുവരും അഫ്രീദിയെ തള്ളിപ്പറയുകയും അഫ്രീദിയുമായി ഇനിമുതല്‍ യാതൊരുവിധ സഹകരണത്തിനുമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ലോക്‌സഭാ എംപി കൂടിയായ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍ തുടങ്ങിയവരും അഫ്രീദിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഇന്ന് ഉച്ചയോടെയാണ് കൊറോണ ബാധിച്ചതായി അഫ്രീദി വെളിപ്പെടുത്തിയത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പില്‍ അഫ്രീദി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം പുറത്തുവിട്ടത്. ‘വ്യാഴാഴ്ച മുതല്‍ എനിക്ക് നല്ല സുഖമില്ലായിരുന്നു. ശരീരത്തിന് നല്ല വേദനയുണ്ടായിരുന്നു. തുടര്‍ന്ന് ഞാന്‍ പരിശോധനയ്ക്ക് വിധേയനായി. നിര്‍ഭാഗ്യവശാല്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും വേഗത്തില്‍ രോഗമുക്തി നേടുന്നതിന് എല്ലാവരും പ്രാര്‍ഥിക്കണം. ഇന്‍ഷാ അള്ളാ.. #COVID19 #pandemic #hopenotout #staysafe #stayhome എന്നീ ഹാഷ്ടാഗുകള്‍ സഹിതം അഫ്രീദി കുറിച്ചു.

പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് നാല്‍പ്പതുകാരനായ അഫ്രീദി. മുന്‍പ് തൗഫീഖ് ഉമര്‍, സഫര്‍ സര്‍ഫറാസ് എന്നിവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. സ്‌കോട്ലന്‍ഡിന്റെ മജീദ് ഹഖ്, ദക്ഷിണാഫ്രിക്കന്‍ താരം സോളോ എന്‍ഖ്വേനി എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റ് ക്രിക്കറ്റ് താരങ്ങള്‍.

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7