ന്യൂഡല്‍ഹി: കൈയില്‍ ചുംബിച്ചാല്‍ കോവിഡ് മാറുമെന്ന് പ്രചരിപ്പിച്ച ആള്‍ദൈവം കോവിഡ് ബാധിച്ച് മരിച്ചു. മധ്യപ്രദേശിലെ രത്‌ലാമില്‍ അസ്‌ലം ബാബയാണ് മരിച്ചത്. ജൂണ്‍ 3 നാണ് അസ്‌ലം ബാബയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ജൂണ്‍ 4ന് മരിച്ചു.
കൈയില്‍ ചുംബിച്ച് കോവിഡ് മാറ്റുമെന്ന അവകാശവാദം വിശ്വസിച്ച് ഒട്ടേറെ ആളുകള്‍ അസ്‌ലം ബാബയ്ക്കരികില്‍ എത്തിയിരുന്നു. അസ്‌ലം ബാബയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ബാബയുമായി ബന്ധപ്പെട്ട 50 ഓളം പേരെ ക്വാറന്റീനിലാക്കിയതായി രത്‌ലാം പൊലീസ് സൂപ്രണ്ട് ഗൗരവ് തിവാരി പറഞ്ഞു. അസ്‌ലം ബാബ താമസിച്ചിരുന്ന നയാപുര മേഖലയിലെ 150 ഓളം പേരെയും ക്വാറന്റീനിലാക്കി. പ്രദേശത്തെ കണ്ടെയ്‌നര്‍ സോണായി പ്രഖ്യാപിച്ചു. പ്രതിരോധ നടപടിയായി പ്രദേശത്തെ 32 ‘ബാബകളെ’ അധികൃതര്‍ ക്വാറന്റീനിലാക്കി. അവരുടെ സാമ്പിളുകളും കോവിഡ് പരിശോധനയ്ക്ക് അയച്ചു.
രത്‌ലാമില്‍ ഇതുവരെ 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 44 പേര്‍ രോഗമുക്തരായി. നാലു പേര്‍ മരിച്ചു. മധ്യപ്രദേശില്‍ ഇതുവരെ 10,443 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 440 പേര്‍ രോഗം ബാധിച്ച് മരിച്ചു.
follow us: pathram online latest news