കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ച 82കാരന്റെ പരിശോധനാഫലം നെഗറ്റീവായി. ഈ മാസം രണ്ടിന് രോഗം സ്ഥിരീകരിച്ച ഇടയിരിക്കപ്പുഴ സ്വദേശിയാണ് രോഗമുക്തനായത്. ദുബായില്‍ നിന്ന് മെയ് 17ന് വന്ന് ഹോം ക്വാറന്റീനില്‍ കഴിയുമ്പോഴാണ് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്.
ഇന്ന് ലഭിച്ച 155 സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ മൂന്നെണ്ണം പോസിറ്റീവാണ്. സൗദി അറേബ്യയില്‍ നിന്നും മെയ് 23ന് ഹൈദരാബാദ് വഴി എത്തിയ പാലാ സ്വദേശി(49), ജൂണ്‍ രണ്ടിന് കുവൈറ്റില്‍ നിന്നെത്തിയ കോരുത്തോട് സ്വദേശി(30), ദോഹയില്‍ നിന്നും ജൂണ്‍ അഞ്ചിന് എത്തിയ പാറത്തോട് സ്വദേശി(30) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പാലാ സ്വദേശി മെയ് 29ന് ഹൈദരാബാദില്‍ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനായിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. നാട്ടിലെത്തി ചൂണ്ടച്ചേരിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് വീണ്ടും സാമ്പിള്‍ ശേഖരിച്ചത്. കോരുത്തോട് സ്വദേശിയും പാറത്തോട് സ്വദേശിയും വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഇതോടെ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോട്ടയം ജില്ലക്കാരുടെ എണ്ണം 46 ആയി. ഇതില്‍ ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.
follow us: pathram online latest news