കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യം മുന്നില്‍കണ്ട് സര്‍ക്കാര്‍ 80 വെന്റിലേറ്ററുകള്‍ വാങ്ങി. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡ് വഴിയാണ് ജര്‍മന്‍ കമ്പനിയുടെ വെന്റിലേറ്ററുകള്‍ വാങ്ങിയത്. കോവിഡ് ആശുപത്രികള്‍ക്ക് ഇത് വിതരണം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു. കോവിഡ് രോഗികളുടെ എണ്ണം സെപ്റ്റംബര്‍ മാസം കഴിഞ്ഞാലും ഉയര്‍ന്നു നില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് ഉന്നതതല യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. സമൂഹവ്യാപനത്തിന്റെ സാധ്യതകള്‍കൂടി മുന്നില്‍ കണ്ടാണ് കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്.
ഓക്‌സിജന്റെ അളവ് നിശ്ചിത അളവില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന സിപിഎപി മെഷിനുകള്‍ 50 എണ്ണവും വ്യത്യസ്ത ഓക്‌സിജന്‍ മര്‍ദം ഉപയോഗിച്ചു ശ്വസനം ക്രമീകരിക്കാന്‍ കഴിയുന്ന ബിഐപിഎപി മെഷിനുകള്‍ 50 എണ്ണവും വാങ്ങി. 1500 ഡി ടൈപ്പ് ഓക്‌സിജന്‍ സിലിന്‍ഡറുകളും 600 പള്‍സ് ഓക്‌സീമീറ്ററും വിതരണത്തിന് തയാറായി.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ആരോഗ്യസെക്രട്ടറി നിര്‍ദേശം നല്‍കി. രോഗം പകരാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട നിര്‍ദേശങ്ങളും പുറത്തിറക്കി. പഴ്‌സനല്‍ പ്രൊട്ടക്ഷന്‍ എക്യുമെന്റ് (പിപിഇ) കിറ്റുകള്‍ 1,75,000 എണ്ണംകൂടി വാങ്ങാന്‍ അനുമതി നല്‍കി. എന്‍ 95 മാസ്‌കുകള്‍ 2.4 ലക്ഷവും, ട്രിപ്പിള്‍ ലെയര്‍ മെഡിക്കല്‍ മാസ്‌ക് 24 ലക്ഷവും ഷീല്‍ഡ് ഒരു ലക്ഷവും വാങ്ങും.