തമിഴ്നാട്ടില്‍ 1,927 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 36,841 ആയി. 19 മരണങ്ങള്‍ ബുധനാഴ്ച റിപ്പോര്‍ട്ടുചെയ്തു. ഇതോടെ ആകെ മരണം 326 ആയി. 1008 പേര്‍ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 19,333 ആയി. 17,179 ആണ് ആക്ടീവ് കേസുകള്‍.
തലസ്ഥാനമായ ചെന്നൈയിലാണ് വൈറസ് ബാധിതര്‍ ഏറ്റവുമധികം. 1390 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ വൈറസ് ബാധിതരുടെ എണ്ണം 25,937 ആയി.
ബുധനാഴ്ച 17,675 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 6.38 ലക്ഷമായി. 12 വയസില്‍ താഴെ പ്രായമുള്ള 1933 കുട്ടികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളിലെ കിടക്കകളുടെ എണ്ണവും ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍. 575 പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടര്‍മാരെയും 665 എംബിബിഎസ് ഡോക്ടര്‍മാരെയും 365 ലാബ് ടെക്നീഷ്യന്മാരെയും 1230 ആരോഗ്യ പ്രവര്‍ത്തകരെയും പുതുതായി നിയമിച്ചതായി ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
FOLLOW US – pathram online latest news