കോവിഡ് വ്യാപനം തീവ്രമായ ഡല്‍ഹിയില്‍ 50 ശതമാനം രോഗികളുടെയും അണുബാധയുടെ ഉറവിടം കണ്ടെത്താനായില്ല. രോഗഉറവിടം എവിടെനിന്നാണെന്ന് കണ്ടെത്താനാകാത്ത, സമൂഹവ്യാപനത്തെ നിര്‍വചിക്കുന്ന സാഹചര്യം ഡല്‍ഹിയില്‍ സംഭവിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു. സമൂഹവ്യാപനം പ്രഖ്യാപിക്കേണ്ടത് കേന്ദ്രമാണ്. പത്തു ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ രോഗികള്‍ 50,000 കടക്കുമെന്നും ജയിന്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയില്‍ ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ സമൂഹവ്യാപനം ഇല്ലെന്ന വാദമാണ് കേന്ദ്ര ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ഡല്‍ഹിയില്‍ ജൂലൈ അവസാനത്തോടെ കോവിഡ് രോഗികള്‍ അഞ്ചര ലക്ഷം കടക്കും. 80,000 കിടക്കകൂടി വേണ്ടിവരും. ഇത് മുന്നില്‍ക്കണ്ടാണ് ചികിത്സ ഡല്‍ഹിക്കാര്‍ക്കുമാത്രമാക്കി പരിമിതപ്പെടുത്തിയത്. ഈ ഉത്തരവ് തിരുത്തിയ നടപടി പിന്‍വലിക്കാന്‍ ലഫ്. ഗവര്‍ണര്‍ തയ്യാറായില്ലെന്ന് സിസോദിയ പറഞ്ഞു.