പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഒഴിവാക്കി

തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തുന്നവര്‍ ആദ്യ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. വീടുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളായി പരിഗണിക്കാമെന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ്.

കേന്ദ്ര മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീടുകളില്‍ ക്വാറന്റീന്‍ അനുവദിക്കുന്നതോടെ സര്‍ക്കാരിന്റെ ചെലവ് കുറയും. വിദേശത്തുനിന്ന് എത്തി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ താമസിക്കുന്നവരില്‍നിന്നും പണം ഈടാക്കാനുള്ള തീരുമാനം വിമര്‍ശനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

അതേസമയം ഇന്ന് സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സംഭവിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയാണ് ഹംസക്കോയ. സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടി ബൂട്ടണിഞ്ഞ ഇദ്ദേഹം നെഹ്‌റു ട്രോഫി ഇന്ത്യന്‍ ടീം അംഗവും മുന്‍ കാലിക്കറ്റ് സര്‍വകലാശാല താരവുമാണ്. മുംബൈയിലായിരുന്നു സ്ഥിരതാമസം.

1981 മുതല്‍ 86 വരെയുള്ള കാലഘട്ടത്തിലാമ് സന്തോഷ് ട്രോഫികളില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാംപിലേക്ക് 2 തവണ തിരഞ്ഞെടുക്കപ്പെട്ടു. 76–77, 78–79 വര്‍ഷങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാല ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. വെസ്‌റ്റേണ്‍ റെയില്‍വേ(1978), യൂണിയന്‍ ബാങ്ക്(1981),ആര്‍സിഎഫ്(1983), ടാറ്റ സ്‌പോര്‍ട്‌സ് ക്ലബ് (1984), ഓര്‍കായ് മില്‍സ് (1986) തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഹംസക്കോയ. 10 ദിവസം മുമ്പ് മുംബൈയില്‍ നിന്നു കുടുംബത്തോടൊപ്പം മടങ്ങിയെത്തിയ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യയ്ക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മൂന്നു മാസവും മൂന്നു വയസ്സും പ്രായമുള്ള രണ്ടു പേരക്കുട്ടികള്‍ അടക്കം കുടുംബത്തില്‍ 5 പേര്‍ക്ക് രോഗമുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 15 ആയി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7