തിരുവനന്തപുരം: സംസ്ഥാനത്തെ മാളുകളും റസ്റ്ററന്റുകളും ജൂണ്‍ 9 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. റസ്റ്ററന്റുകളില്‍ ഇരുന്നു കഴിക്കാം എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്‍പ് അവ അണുവിമുക്തമാക്കണം. മാളുകളില്‍ വിസ്തീര്‍ണം അനുസരിച്ച് ഒരു സമയം എത്രപേര്‍ എന്നു തീരുമാനിക്കണം. ലിഫ്റ്റുകളില്‍ ഓപ്പറേറ്റര്‍മാരുണ്ടാകണം. ഗോവണിപ്പടികളില്‍ പിടിച്ചു കയറരുത്.
മാളുകളിലെ തിയറ്ററുകളും കുട്ടികളുടെ പാര്‍ക്കും തുറക്കരുത്. സംസ്ഥാനത്ത് നിര്‍മാണ സാധനങ്ങള്‍ക്കു വില കൂടുന്ന പ്രവണതയുണ്ട്. ഇതു ശക്തമായി തടയും. മതസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് അറിയിപ്പ് നല്‍കണം. പൊതു സ്ഥാപനങ്ങളില്‍ കുറഞ്ഞത് ആറ് അടി അകലം പാലിക്കണം എന്നത് ആരാധനാലയങ്ങളിലും നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരാധനാലയങ്ങളില്‍ എത്തുന്നവരെല്ലാം മാസ്‌ക് ധരിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. സാധ്യമാകുന്ന ഇടങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണം. ഇതു നടപ്പാക്കുന്നതില്‍ എല്ലാവരും യോജിച്ചിട്ടുണ്ട്. ആദ്യം വരുന്നവര്‍ ആദ്യം എന്നനിലയില്‍ ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടം ചേരല്‍ ഉണ്ടാകരുത്.
അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കുത്തനെ കൂടികൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഒറ്റദിവസം രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് ഇത് ആദ്യമാണ്. 50 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 50, ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവർ – 48. സമ്പർക്കത്തിലൂടെ രോഗബാധിതർ – 10 (3 ആരോഗ്യപ്രവർത്തകർ). മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.
രോഗബാധ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ കണക്കെടുത്താൽ മഹാരാഷ്ട്ര 25, തമിഴ്നാട് 10, കർണാടക 3, ഉത്തർപ്രദേശ്, ഹരിയാന, ലക്ഷദ്വീപ് 1വീതം, ഡൽഹി 4, ആന്ധ്രപ്രദേശ് 3. 22 പേർ ഇന്ന് കോവിഡ് മുക്തരായി. തിരുവനന്തപുരം 1, ആലപ്പുഴ4, എറണാകുളം 4, തൃശൂർ 5, കോഴിക്കോട് 1, കാസർകോട് 7. 3597 സാംപിളുകൾ ഇന്ന് പരിശോധിച്ചു. 1697 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അതിൽ 973 പേർ ഇപ്പോൾ ചികിൽസയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.