വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതിയായ ബിലാലിനെ കുടുക്കിയത് 72 മണിക്കൂറിനകം

കോട്ടയം: താഴത്തങ്ങാടിയില്‍ ഷീബയെന്ന വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രതിയായ ബിലാലിനെ കുടുക്കിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേരള പൊലീസ് കാട്ടിയ മികവാര്‍ന്ന അന്വേഷണം. സാഹചര്യത്തെളിവുകളുടെയും മറ്റും അടിസ്ഥാനത്തില്‍ കൃത്യമായി പ്രതിയാരെന്നു കണ്ടെത്തിയതോടെ 72 മണിക്കൂറിനകം പ്രതിയെ വലയിലാക്കാന്‍ സൈബര്‍ സെല്‍ സംവിധാനങ്ങളുടെ മികവും പൊലീസിനു പിന്തുണയേകി.

തിങ്കളാഴ്ച രാവിലെ 9.30നാണു താഴത്തങ്ങാടിയെ നടുക്കിയ കൊലപാതകത്തിനു ശേഷം മുഹമ്മദ് ബിലാല്‍ കാറുമായി കടന്നുകളയുന്നത്. വ്യാഴാഴ്ച രാവിലെ 9.30നു പ്രതി അറസ്റ്റിലായ വിവരം ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് പുറത്തുവിട്ടു. കൊലപാതകമുണ്ടായ ഷാനി മന്‍സിലില്‍ എത്തിയ പൊലീസിനു തിങ്കളാഴ്ച വൈകിട്ടു തന്നെ ആദ്യ തുമ്പു ലഭിച്ചിരുന്നു. പ്രതി പരിചയക്കാരനാകാമെന്നതായിരുന്നു ആദ്യ നിര്‍ണായക സൂചന.

ഷീബയും സാലിയും മാത്രമാണ് ഷാനി മന്‍സിലില്‍ താമസം. വീട്ടില്‍ എത്തുന്നത് ആരാണെങ്കിലും അത് ജനലിലൂടെ നോക്കി ഉറപ്പു വരുത്തിയ ശേഷം മാത്രമേ ദമ്പതികള്‍ വാതില്‍ സാധാരണ തുറക്കൂ. പ്രതി കയറിയതു മുന്‍വാതിലിലൂടെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചു. വീട്ടിനുള്ളിലെ പരിശോധനയില്‍ കുടിച്ചു വച്ച ചായയുടെ ഗ്ലാസ് കിട്ടി. വന്നയാള്‍ക്കു കൂടി ഭക്ഷണം ഉണ്ടാക്കാനുള്ള ഒരുക്കം നടന്നതായും കണ്ടു. ആഭരണങ്ങള്‍ നഷ്ടപ്പെട്ടതോടെ കവര്‍ച്ചയെന്നും ഉറപ്പിച്ചു.

തിങ്കളാഴ്ച രാവിലെ എട്ടോടെ സാലിയുടെ വീട്ടിലെത്തിയ ബിലാല്‍ തര്‍ക്കത്തെത്തുടര്‍ന്നു സാലിയെയാണ് ആദ്യം ആക്രമിച്ചതെന്നു പൊലീസ് പറയുന്നു. ഹാളിലെ ടീപോയ് തകര്‍ത്ത് അതിന്റെ കഷണം കൊണ്ടു സാലിയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്നു ഷീബയെയും ആക്രമിച്ചു. മരണം ഉറപ്പാക്കാന്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഉടലില്‍ കമ്പി ചുറ്റിക്കെട്ടി വൈദ്യുതാഘാതം ഏല്‍പിക്കാന്‍ ശ്രമിച്ചു. ഇലക്ട്രിക്കല്‍ പണി അറിയാവുന്നയാളാണു പ്രതിയെന്നു ഇതോടെ സംശയം ബലപ്പെട്ടു.

തെളിവു നശിപ്പിക്കാന്‍ പാചകവാതക ഗ്യാസ് തുറന്നുവിട്ടതായും തെളിവെടുപ്പിനിടെ ബിലാല്‍ സമ്മതിച്ചു. തുടര്‍ന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച പ്രതി പോര്‍ച്ചില്‍ കിടന്ന കാറുമായി കടന്നുകളഞ്ഞു. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രതിയെ കണ്ടെത്താന്‍ പൊലീസിനു സഹായകമായി. വിഡിയോ സംവിധാനം വഴി ഓണ്‍ലൈനായി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

follow us – pathram online

Similar Articles

Comments

Advertismentspot_img

Most Popular