അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; ഏഴ് ജില്ലകളില്‍ ശക്തമായ മഴ ഉണ്ടാകും

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ച തന്നെ എത്തിയേക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദവും പിന്നീടുള്ള 24 മണിക്കൂറിൽ ചുഴലിക്കാറ്റുമാകുമെന്ന് പ്രതീക്ഷിക്കുന്ന സിസ്റ്റം വടക്ക് ദിശയിൽ മഹാരഷ്ട്ര-ഗുജറാത്ത്‌ തീരങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.

ന്യൂനമർദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ശക്തമായ മഴ അടുത്ത 5 ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണ്.

കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്.

Follow us -pathram online
key words: cyclone in arabian sea

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7