സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നയ്ക്ക് ഐടി സെക്രട്ടറിയുമായി ബന്ധം; സര്‍ക്കാര്‍ കാറില്‍ ദിവസവും ഫ്‌ലാറ്റില്‍ വരാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ ആസൂത്രകയെന്നു കരുതുന്ന സ്വപ്‌ന സുരേഷും ഐടി സെക്രട്ടറിയും തമ്മില്‍ അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിലേക്ക് സര്‍ക്കാര്‍ വാഹനങ്ങളില്‍ ആളുകള്‍ വരികയും മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നെന്നും ഇവര്‍ മുന്‍പ് താമസിച്ചിരുന്ന തിരുവനന്തപുരം മുടവന്‍മുകളിലെ ഫ്‌ലാറ്റിലെ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍സുലേറ്റില്‍ ജോലിചെയ്യുമ്പോഴാണ് സ്വപ്‌ന സുരേഷ് ഇവിടെ താമസിച്ചിരുന്നതെന്നും ഒരു വര്‍ഷം മുന്‍പാണ് ഇവിടെനിന്ന് താമസം മാറിയതെന്നും ഫ്‌ലാറ്റിലെ താമസക്കാര്‍ പറയുന്നു. രാത്രി വൈകുവോളം ആളുകള്‍ വന്നുപോകുകയും രാത്രിയില്‍ പാര്‍ട്ടികള്‍ നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു.

ഐടി സെക്രട്ടറി സര്‍ക്കാര്‍ കാറില്‍ ഫ്‌ലാറ്റില്‍ വരാറുണ്ടായിരുന്നു. മദ്യപിച്ച് രാത്രി ഒരു മണി വരെയെങ്കിലും ഇവിടെ തങ്ങാറുണ്ടായിരുന്നു. ഐടി സെക്രട്ടറിക്കെതിരെ നിരവധി തവണ പോലീസിനെ വിളിച്ചറിയിച്ചിരുന്നതായി താമസക്കാര്‍ പറയുന്നു. എന്നാല്‍ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.

രാത്രി വൈകി ഐടി സെക്രട്ടറിക്ക് തിരിച്ചുപോകുന്നതിന് ഗെയിറ്റ് തുറന്നുകൊടുക്കാത്തതിന്റെ പേരില്‍ സ്വപ്‌നയുടെ രണ്ടാമത്തെ ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. പിന്നീട് കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്നും താമസക്കാര്‍ പറയുന്നു. റസിഡന്റ്‌സ് അസോസിയേഷന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് സ്വപ്ന ഫ്‌ലാറ്റില്‍നിന്ന് പോയതെന്നും ഇവര്‍ പറയുന്നു.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular