ജൂണ്‍ അവസാനത്തോടെ നടക്കേണ്ടിയിരുന്ന ജി7 ഉച്ചകോടി മാറ്റിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ക്ഷണിതാക്കളുടെ പട്ടിക വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായും ട്രംപ് വ്യക്തമാക്കി.
നിലവിലെ ഫോര്‍മാറ്റിലുള്ള ജി7 കാലഹരണപ്പെട്ട രാജ്യങ്ങളുടെ ഒരു കൂട്ടമാണെന്ന് ട്രംപ് പറഞ്ഞു. ‘ജി7 എന്ന നിലയില്‍ ഇത് ലോകത്ത് നടക്കുന്ന കാര്യങ്ങളെ ശരിയായി പ്രതിനിധീകരിക്കുന്നുവെന്ന് എനിക്ക് തോന്നാത്തതിനാല്‍ ഞാനിത് മാറ്റിവെയ്ക്കുന്നു’ ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയിലെ കേപ് കനാവറയില്‍ നിന്ന് വാഷിങ്ടണിലേക്ക് മടങ്ങുന്നതിനിടെ എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ട്രംപിന്റെ തീരുമാനം നാടകീയമായ ഒരു വഴിത്തിരിവാണ്. കൊറോണ മഹാമാരിയെ തുടര്‍ന്ന് അമേരിക്ക സാധാരാണ നിലയിലേക്ക് മടങ്ങി വരുന്നതിന്റെ പ്രകടനമായിട്ട് വാഷിങ്ടണില്‍ വന്‍കിട വ്യവസായ രാജ്യങ്ങളുടെ ആതിഥേയത്വം വഹിക്കാന്‍ ശ്രമിച്ച ട്രംപ് നാടകീയമായിട്ടാണ് ഉച്ചകോടി മാറ്റിവെച്ചത്.
യുഎസ്, ഇറ്റലി, ജപ്പാന്‍,കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ,യൂറോപ്യന്‍ യൂണിയന്‍ എന്നിവരടങ്ങുന്നതാണ് ജി7. ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ട്രംപിന്റെ ക്ഷണം താന്‍ നിരസിച്ചതായി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ അറിയിച്ചിരുന്നു.
നേരത്തെ കൊറോണയ്ക്കുള്ള മരുന്ന് എത്തിക്കുന്നതിന് സഹായിച്ച ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും ട്രംപ് നന്ദി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയെ സുപ്രധാന ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ട്രംപ് ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവുംമാന്യനായ നേതാവാണെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യക്കാര്‍ തന്നെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇത് നിര്‍ണായക തീരുമാനമായി ഇന്ത്യ കണക്കാക്കുന്നു.
ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സൊ, ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു എന്നിവരെപ്പോലെ ട്രംപിന്റെ ഇഷ്ട ലോകനേതാക്കളിലൊരാളാണ് മോദി. ഇവരെല്ലാമായി ട്രംപ് അടുത്തബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഹൂസ്റ്റണില്‍നടന്ന ‘ഹൗഡി മോദി’, ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍നടന്ന ‘നമസ്‌തേ ട്രംപ് ‘ എന്നീ പരിപാടികള്‍ക്കുശേഷം മോദിയെ പ്രകീര്‍ത്തിക്കാനുള്ള ഒരവസരവും ട്രംപ് പാഴാക്കാറില്ല.
കൊറോണ വൈറസിനെതിരേ അദ്ഭുതമരുന്നായാണ് ട്രംപ് ഇന്ത്യ അയച്ച ഹൈഡ്രോക്‌സിക്ലോറോക്വിനെ വിശേഷിപ്പിക്കുന്നത്.
Follow us -pathram online