ന്യൂഡല്‍ഹി: ഇന്ത്യ–ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി രാജ്യത്തോട് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് 1.6 ലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണ വൈറസ് പകര്‍ച്ചവ്യാധിയോട് ഇന്ത്യ പോരാടുമ്പോള്‍ ഈ വിഷയത്തില്‍ നിശബ്ദത തുടരുന്നത് ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ലഡാക്കിലെ സ്ഥിതിയും ചൈനയുമായുള്ള പിരിമുറുക്കവും ‘ഗുരുതരമായ ദേശീയ ആശങ്ക’ യാണെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് രാഹുല്‍ ഗാന്ധി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ‘ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെ കുറിച്ചുള്ള സര്‍ക്കാരിന്റെ നിശബ്ദത പ്രതിസന്ധി ഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ആക്കം കൂട്ടുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി രാജ്യത്തോട് പറയണം’– രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.ഈ നിര്‍ണായക ഘട്ടത്തില്‍ സുതാര്യത ആവശ്യമാണെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച സമാനമായ അഭ്യര്‍ഥനകള്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളോട് വ്യക്തമാക്കണം. ഞങ്ങള്‍ വ്യത്യസ്ത കഥകള്‍ കേള്‍ക്കുന്നു. ഞാന്‍ ഊഹിക്കാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ കേന്ദ്ര സര്‍ക്കാര്‍ ഇത് വ്യക്തമാക്കേണ്ടത് പ്രധാനമാണ്. അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആളുകള്‍ക്ക് മനസിലാക്കാനും ശരിയായ വ്യക്തമായ നിലപാട് സ്വീകരിക്കാനും കഴിയും’– അദ്ദേഹം പറഞ്ഞു.
Follow us on patham online news