തിരുവനന്തപുരം: വെബ്ക്യൂ ആപ്പ് തുടര്‍ച്ചയായി രണ്ടാം ദിവസവും തകരാറായി. ആപ്പ് പണി തരാന്‍ തുടങ്ങിയതോടെ ടോക്കണ്‍ ഇല്ലാതെ തന്നെ ബാറുകള്‍ മദ്യം വില്‍പ്പന നടത്തി. ആപ്പ് ഉപയോഗപ്പെടുത്തിയുള്ള മദ്യവില്‍പ്പന ഇന്നലെ തുടങ്ങിയിരിക്കെ ആപ്പ് പ്രതീക്ഷയ്ക്ക് ഒപ്പം ഉയര്‍ന്നില്ലെന്നും നേരിട്ട് മദ്യം വില്‍ക്കാന്‍ അനുമതി നല്‍കണമെന്നുമാണ് ബാര്‍ ഉടമകളുടെ ആവശ്യം. മദ്യത്തിന് ക്ഷാമം നേരിടുമ്പോള്‍ മദ്യം കിട്ടാതെ ആള്‍ക്കാര്‍ മടങ്ങുന്ന സ്ഥിതിയുമുണ്ട്.
തിരുവനന്തപുരത്താണ് സര്‍ക്കര്‍ നിര്‍ദേശം ലംഘിച്ച് മദ്യവിതരണം നടന്നത്. രാവിലെ മുതല്‍ ബാറുകള്‍ക്ക് മുന്നില്‍ ഇന്നും നീണ്ട ക്യൂ ആണ്. സാമൂഹ്യ അകലം പോലും പാലിക്കാതെ വന്‍ ജനത്തിരക്കാണ് ഇന്നും. ആപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ തുടരുന്നതോടെ മദ്യം നേരിട്ട് വില്‍ക്കാന്‍ അനുവദിക്കണമെന്നാണ് ഇപ്പോള്‍ ബാര്‍ ഉടമകളുടെ അപേക്ഷ. ബാറുകളിലും നക്ഷത്ര ഹോട്ടലുകളിലും വില്‍പ്പന നടത്തുന്നത് വില കൂടിയ മദ്യം മാത്രമാണെന്നും ഇഷ്ട ബ്രാന്‍ഡുകളും ജനപ്രിയ മദ്യത്തിനും ക്ഷാമം നേരിടുന്നതായും പരാതി ഉയരുന്നുണ്ട്.
മിക്ക ബാറുകളിലും മദ്യ സ്‌റ്റോക്കില്ലാതാകുകയും ഹോട്ടലുകളില്‍ വിലകൂടിയ മദ്യം മാത്രം വിതരണം ചെയ്യുന്നതായുമാണ് വിവരം. രാവിലെ മദ്യം വാങ്ങാനെത്തിയ പലര്‍ക്കും മദ്യം സ്‌റ്റോക്കില്ലാത്തതിനാല്‍ മടങ്ങിപ്പോകേണ്ടി വന്നിരുന്നു. ടോക്കണ്‍ നേടി മദ്യം വാങ്ങാനെത്തിയ പലര്‍ക്കും കിട്ടിയ മറുപടി 2000 മുതല്‍ 8000 വരെയുള്ള മദ്യമേ വില്‍പ്പനയ്ക്കുള്ളൂ എന്നാണ്. ആദ്യ തവണ ആപ്പിലൂടെ ബുക്ക് ചെയ്തവര്‍ക്ക് ഇനി നാലു ദിവസത്തിന് ശേഷമേ വീണ്ടും അവസരം ലഭിക്കൂ. ചില ബാറുകളില്‍ മദ്യം തീര്‍ന്നതിനാല്‍ ബീയര്‍ മാത്രം ബാക്കിയായ സ്ഥിതിയുമായി.
ഇന്നലെ മുതലാണ് ആപ്പ് ഉപയോഗപ്പെടുത്തി മദ്യവില്‍പ്പന തുടങ്ങിയത് ആദ്യ ദിവസം രണ്ടേകാല്‍ ലക്ഷം പേരാണ് ടോക്കണ്‍ എടുത്തത്. ഒട്ടേറെ പേര്‍ക്കാണ് ഒടിപി കിട്ടാതെ പോയത്. ടോക്കണ്‍ ഇല്ലാതെ മദ്യം വാങ്ങാന്‍ എത്തിയവരും ഏറെയുണ്ടായിരുന്നു. മദ്യം വില്‍പ്പന തുടങ്ങിയതോടെ പലയിടത്തും സാമൂഹിക അകലം പോലും പാലിക്കാതെയാണ് ജനം ബാറുകള്‍ക്ക് മുന്നില്‍ നിന്നത്. ഇന്നലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ സംവിധാനം ഇല്ലാതിരുന്നതിനാല്‍ രാവിലെ സമയം ലഭിച്ചവര്‍ക്കും ഉച്ചകഴിഞ്ഞാണ് മദ്യം വാങ്ങാനായത്.
ഇന്ന് ആപ്പ് വീണ്ടും കുഴപ്പം കാണിക്കാന്‍ തുടങ്ങിയതോടെ ഡൗണ്‍ ലോഡ് ചെയ്തവര്‍ക്കും പുതിയതായി ഡൗണ്‍ ലോഡ് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കുമെല്ലാം പ്രശ്‌നം നേരിട്ടു തുടങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ട്. ടോക്കണില്ലാതെ മദ്യം വാങ്ങാന്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന ഡിജിപിയുടെ നിര്‍ദേശവും കാര്യമാക്കിയിട്ടില്ല.
Follow us on patham online news