ഉദ്യോഗതലത്തില്‍ വന്‍ അഴിച്ചുപണിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഉന്നത ഉദ്യോഗതലത്തില്‍ വന്‍ അഴിച്ചുപണിയുമായി സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തര സെക്രട്ടറിയായിരുന്ന വിശ്വാസ്‌മേത്തയെ പുതിയ ചീഫ് സെക്രട്ടറിയായി നിയോഗിച്ചു. സര്‍ക്കാരുമായി ഉടക്കി നില്‍ക്കുന്ന വി.വേണുവിനെ റവന്യു സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി പഌനിംഗ് ബോര്‍ഡിന്റെ ചുമതല നല്‍കി.

ജയതിലകനെ പുതിയ റവന്യൂ സെക്രട്ടറിയായി നിയോഗിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ടികെ ജോസാണ് പുതിയ ആഭ്യന്തര സെക്രട്ടറി. ഇഷിതാ റോയിയെ കാര്‍ഷികോത്പന്ന കമ്മീഷണറായും നിയോഗിച്ചു. കളക്ടര്‍മാരില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. നവ്‌ജോത് ഖോസയാണ് തിരുവനന്തപുരത്തിന്റെ പുതിയ കളക്ടര്‍. ആലപ്പുഴ കളക്ടര്‍ എം.അഞ്ജനയ്ക്ക് കോട്ടയത്തേക്കും മാറ്റിയിട്ടുണ്ട്. മന്ത്രിസഭാ യോഗത്തില്‍ വന്‍ അഴിച്ചുപണികളാണ് ഉണ്ടായിരിക്കുന്നത്. ടോംജോസ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും ഈ മാസം 31 നാണ് വിരമിക്കുക. ഇതോടെ ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കും.

മദ്യവില്‍പ്പന നാളെ മുതല്‍ തുടങ്ങാനും മന്ത്രിസഭായോഗത്തില്‍ തീരുമാനം എടുത്തു. ഇന്ന് മൂന്നരയ്ക്ക് നടത്തുന്ന എക്‌സൈസ് മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കും. മദ്യ വില്‍പ്പനയ്ക്കുള്ള മൊബൈല്‍ ആപ്പ് ഇന്ന് പ്‌ളേ സ്‌റ്റോറില്‍ എത്തും. അതുപോലെ തന്നെ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്ന പെയ്ഡ് ക്വാറന്റൈന് ഇളവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റീന്‍ ചെലവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇളവ് വരുത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അവര്‍ തന്നെ ചെലവ് വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ വിമര്‍ശനത്തിന് വഴിയൊരുക്കുകയും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്ത സാഹചര്യത്തിലാണ് പുനരാലോചന നടത്തുന്നത്. കോവിഡിന്റെ സ്ഥിതിഗതികളും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. ആശങ്കപ്പെടുത്തുന്ന രീതിയിലാണ് രോഗത്തിന്റെ വ്യാപനമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7