സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയാണു പൊലീസെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരില്‍ താന്‍ വേട്ടയാടപ്പെടുകയാണ്. കേരളത്തിലെ എഴുത്തുകാരും സംസ്‌കാരിക നായകന്മാരും ഇതെല്ലാം കണ്ട് മൗനം പാലിക്കുകയാണ്. അറസ്റ്റു ചെയ്യപ്പെട്ടതു മുതല്‍ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാലാണ് ഇതുവരെ പ്രതികരിക്കാന്‍ കഴിയാതിരുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരു മാഫിയയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്ന തന്നെ, സംസ്ഥാനത്തെ ക്രമസമാധാനം തകരുമെന്നു പറഞ്ഞാണ് അറസ്റ്റ് ചെയ്തതെന്നും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു. നടി മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തതെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലായി കോടതിയില്‍നിന്നു ജാമ്യം നേടിയ സനല്‍കുമാര്‍ ശശിധരന്‍ തന്റെ ഫെയ്‌സ്ബുക് അക്കൗണ്ടിലൂടെയാണ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
സനല്‍കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
”അറസ്റ്റ് ചെയ്യപ്പെട്ട് രണ്ടു മാസത്തിന് ശേഷം എനിക്ക് എന്റെ ഗൂഗിള്‍, സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ തിരികെ ലഭിച്ചു. ഒരു സ്ത്രീയെ പ്രണയിച്ചതിനും അതുവഴി അവളെ ഉപദ്രവിച്ചു എന്ന ആരോപണവും ഉന്നയിച്ചാണ് എന്നെ അറസ്റ്റ് ചെയ്തത്. ഞാന്‍ തന്നെ എനിക്ക് വേണ്ടി വാദിച്ച് തെളിയിക്കേണ്ട ഒന്നല്ല സത്യം. അത് തനിയെ പുറത്തുവരണം. അത് പുറത്തുവരട്ടെ, അതുവരെ പ്രണയത്തിന്റെ ക്ഷതങ്ങള്‍ ഏല്‍ക്കാന്‍ ഞാന്‍ തയാറാണ്. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാനം തകരുമെന്ന് ആരോപിച്ച് എന്നെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നില്‍ വലിയൊരു ഗൂഢാലോചനയാണെന്നാണ് വെളിവാകുന്നത്.
അത് എല്ലാ നിയമ സംഹിതകള്‍ക്കും വിരുദ്ധമായിരുന്നു. എനിക്ക് ശവക്കുഴി തോണ്ടാനോ എന്റെ ജീവന്‍ അപഹരിക്കാനോ വേണ്ടിയുള്ള നികൃഷ്ടമായൊരു പദ്ധതി ആയിരുന്നു അത്. പക്ഷേ ഭാഗ്യവശാല്‍ എന്റെ ഫെയ്‌സ്ബുക് ലൈവ് അവരുടെ പ്ലാന്‍ തകര്‍ത്തു. അന്ന് അര്‍ധരാത്രിയില്‍ പൊലീസ് സ്‌റ്റേഷനില്‍നിന്നു തന്നെ ജാമ്യം നേടണമെന്ന് അവര്‍ എന്നോട് ആവശ്യപ്പെട്ടു. എന്നെ കോടതിയില്‍ ഹാജരാക്കണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ സര്‍വീസ് റിവോള്‍വര്‍ കാട്ടി എന്നെ ഭീഷണിപ്പെടുത്തി. ഞാന്‍ മരണത്തെ ഭയപ്പെട്ടില്ല. ഞാന്‍ എന്റെ വാശിയില്‍ ഉറച്ചു നിന്നപ്പോള്‍ ഒടുവില്‍ അവര്‍ക്കെന്നെ കോടതിയില്‍ ഹാജരാക്കേണ്ടിവന്നു, അങ്ങനെ എനിക്ക് ജാമ്യം ലഭിച്ചു.
എന്റെ മൊബൈല്‍ ഫോണുകള്‍ അവര്‍ കസ്റ്റഡിയിലെടുത്ത് എന്റെ ഗൂഗിള്‍ അക്കൗണ്ടും സോഷ്യല്‍മീഡിയയും ഹാക്ക് ചെയ്ത് സെറ്റിങ്‌സ് മാറ്റിയത് കാരണം എന്റെ കേസിനെക്കുറിച്ചും എനിക്ക് എന്താണ് സംഭവിച്ചതെന്നും സമൂഹത്തോടു പറയാന്‍ എനിക്ക് കഴിഞ്ഞില്ല (എന്റെ ഫോണുകള്‍ ഇപ്പോഴും അവരുടെ കസ്റ്റഡിയിലാണ്). ഞാന്‍ വിളിച്ചു പറയുന്ന സത്യങ്ങള്‍ കേട്ടിട്ട് എന്റെ ചില സുഹൃത്തുക്കള്‍ പോലും ഞാന്‍ ഒരു മനോരോഗിയാണെന്ന് പറയുകയുണ്ടായി. കഴിഞ്ഞ രണ്ട് വര്‍ഷത്തെ എന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ ഒരു മാഫിയയെക്കുറിച്ചും അത് പൊലീസിലും ഭരണത്തിലും എന്തിന് ജുഡീഷ്യറിയെ വരെ സ്വാധീനിക്കുന്നതിനെക്കുറിച്ച് ഞാന്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.
<ു>സമൂഹമാധ്യമങ്ങളില്‍നിന്നു ഞാന്‍ അകന്നു നിന്ന രണ്ട് മാസത്തിനിടെ എന്റെ ആശങ്കകള്‍ക്ക് ബലമേകുന്ന ഒരുപാട് കാര്യങ്ങള്‍ ഈ സമൂഹത്തില്‍ സംഭവിച്ചു. ഭരണകൂടത്തിനെതിരെ നിലകൊള്ളുന്നവരെ അപകടത്തിലാക്കുന്ന ഒരു സ്ഥിതിയാണിന്ന് ഉള്ളതെന്ന് ജനങ്ങള്‍ക്കറിയാം. ശബ്ദമുയര്‍ത്തുന്ന പലരുടെയും പേരില്‍ കള്ളക്കേസുകള്‍ ചുമത്തുകയാണ്. സര്‍ക്കാരിന്റെ പൊയ്മുഖം സംരക്ഷിക്കാന്‍ പൊലീസിനെ ഒരു മറയുമില്ലാതെ കളിപ്പാവകളായി ഉപയോഗിക്കുകയാണ്. എഴുത്തുകാരും ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും മൗനം പാലിക്കുകയാണ്. എനിക്കെല്ലാവരെയും ഇപ്പോള്‍ നന്നായി മനസ്സിലായി. കാലങ്ങളായി വായ് മൂടിക്കെട്ടി ജീവിക്കുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ നോക്കി ചിരിക്കാന്‍ മാത്രം അറിയാവുന്ന ഈ സമൂഹത്തെ ആര്‍ക്കും സഹായിക്കാനാകില്ല.”