കോലി -അനുഷ്‌ക വിവാഹമോചനം ?

പാതാള്‍ ലോക് വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ഭാര്യ അനുഷ്‌ക ശര്‍മയുമായുള്ള ബന്ധം വേര്‍പെടുത്തണമെന്ന നിര്‍ദേശവുമായി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശില്‍നിന്നുള്ള എംഎല്‍എയായ നന്ദകിഷോര്‍ ഗുര്‍ജറാണ് കോലി വിവാഹമോചനം നടത്തണമെന്നു വാദിച്ച് രംഗത്തെത്തിയത്. വെബ് സീരീസിന്റെ പ്രൊഡ്യൂസറും നടിയുമായ അനുഷ്‌ക ശര്‍മയ്‌ക്കെതിരെ നന്ദകിഷോര്‍ പൊലീസിലും പരാതിപ്പെട്ടിട്ടുണ്ട്. എംഎല്‍എയുടെ ചിത്രം അനുമതിയില്ലാതെ വെബ് സീരീസില്‍ ഉപയോഗിച്ചുവെന്നാണു പരാതി.

സീരീസ് വര്‍ഗീയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്നും നാഷനല്‍ സുരക്ഷാ ആക്ട് പ്രകാരം നല്‍കിയ പരാതിയില്‍ പറയുന്നു. രാജ്യത്തിനായി ക്രിക്കറ്റ് കളിക്കുന്ന വിരാട് കോലി ഭാര്യയില്‍നിന്നുണ്ടായ ഇത്തരം കാര്യം സമ്മതിച്ചുകൊടുക്കരുതെന്നും വിവാഹമോചനം തേടണമെന്നും മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുന്നതിനിടെയാണ് ബിജെപി നേതാവ് ‘വിചിത്രമായ’ ആവശ്യം ഉയര്‍ത്തിയത്.

ആരും രാജ്യത്തേക്കാളും വലുതല്ല. ഇന്ത്യയ്ക്കായി കളിക്കുന്ന വിരാട് കോലി ഇത് അനുവദിച്ചുകൊടുക്കരുത്. എത്രയും പെട്ടെന്ന് കോലി അനുഷ്‌കയെ ഡിവോഴ്‌സ് ചെയ്യണം. ഇന്ത്യന്‍ ക്യാപ്റ്റനില്‍നിന്ന് ഇത്തരമൊരു നീക്കമുണ്ടായാല്‍ അത് എല്ലാവര്‍ക്കുമുള്ള ശക്തമായ സന്ദേശമാകും. അതേസമയം വെബ്‌സീരീസ് പ്രദര്‍ശിപ്പിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനും ബിജെപി എംഎല്‍എ കത്തെഴുതി.

സീരിസില്‍ ജാതീയമായി പ്രശ്‌നങ്ങളുണ്ടാക്കുന്ന ഘടകങ്ങളുണ്ടെന്നു കാണിച്ചു ലോയേഴ്‌സ് ഗില്‍ഡ് അംഗം വിരേന്‍ ശ്രീ ഗുരുങ് അനുഷ്‌കയ്‌ക്കെതിരെ നോട്ടിസ് അയച്ചിരുന്നു. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ വിരാട് കോലിയോ അനുഷ്‌ക ശര്‍മയോ ഇതുവരെ തയാറായിട്ടില്ല. അനുഷ്‌ക ശര്‍മയും സഹോദരന്‍ കര്‍നേഷ് ശര്‍മയും സീരീസിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍മാരാണ്. വെബ് സീരീസിനെതിരെ ഭാരതീയ ഖൂര്‍ഖ യുവ പരിസംഘ് എന്ന സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.

Follow us on pathram online news

pathram:
Related Post
Leave a Comment