ബുമ്രയുമായി നേര്‍ക്കുനേര്‍ കിട്ടാന്‍ കാത്തിരിക്കുകയാണെന്ന് പാക്ക് താരം ഷാന്‍ മസൂദ്

ക്രിക്കറ്റില്‍ നിലവിലുള്ളതില്‍ ഏറ്റവും മികച്ച ഫാസ്റ്റ് ബോളര്‍മാരിലൊരാളാണ് ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര. 2013 ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കാന്‍ ഇറങ്ങിയതു മുതലാണ് തുടര്‍ച്ചയായി യോര്‍ക്കര്‍ ബോളുകള്‍ എറിയുന്ന ബുമ്ര ആരാധകരുടെ പ്രിയങ്കരനായത്, എതിരാളികളുടെ പേടി സ്വപ്നവും. നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ബോളിങ്ങിന്റെ കുന്തമുനയാണ് ബുമ്ര. ചീറിയെത്തുന്ന ബുമ്രയുടെ പന്തുകളെ നേരിടാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടുമ്പോള്‍ ബുമ്രയുമായി നേര്‍ക്കുനേര്‍ വരാന്‍ കാത്തിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാന്‍ മസൂദ്.

ബുമ്രയില്‍നിന്നുള്ള വെല്ലുവിളി നേരിടാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഷാന്‍ മസൂദ് പ്രതികരിച്ചു. യൂട്യൂബിലെ ഒരു അഭിമുഖത്തില്‍ നേരിടാന്‍ കാത്തിരിക്കുന്ന ബോളര്‍ ആരെന്നു ചോദിച്ചപ്പോഴാണു താരം ബുമ്രയുടെ കാര്യം പറഞ്ഞത്. ലോകത്തെ ഫാസ്റ്റ് ബോളര്‍മാരെക്കുറിച്ചു പറയുമ്പോള്‍ ബുമ്രയ്‌ക്കെതിരെ ഞാന്‍ കളിച്ചിട്ടില്ല. ഞാന്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു വെല്ലുവിളിയാണിത്. അടുത്ത കാലത്തായി നേരിട്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ബോളര്‍ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്‌റ്റെയ്ന്‍ ആണ്.

ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സും മികച്ചു നില്‍ക്കുന്നു. റബാദ, ആന്‍ഡേഴ്‌സന്‍ എന്നിവരും എന്റെ വിക്കറ്റ് പല തവണ വീഴ്ത്തിയിട്ടുണ്ട്. നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സിന്റെ പന്തുകളെയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബോളര്‍ അദ്ദേഹമാണെന്നും ഷാന്‍ മസൂദ് പ്രതികരിച്ചു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ യുവരാജ് സിങ്, രോഹിത് ശര്‍മ, വിരാട് കോലി, എം.എസ്. ധോണി എന്നിവരാണ് പ്രിയപ്പെട്ടവര്‍. യുവരാജ് സിങ് ആയിരുന്നു ഇന്ത്യന്‍ ടീമില്‍ എനിക്ക് ഏറ്റവും താല്‍പര്യമുള്ള താരം.

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് വിരാട് കോലി. രോഹിത് ശര്‍മയുടെ ബാറ്റിങും മികച്ചതാണ്. ഗ്രൗണ്ടില്‍ ധോണിയുടെ പെരുമാറ്റവും ശരീര ഭാഷയും ആസ്വദിക്കാന്‍ ഇഷ്ടമാണെന്നും മസൂദ് വ്യക്തമാക്കി. ഓപ്പണിങ് ബാറ്റ്‌സ്മാനായ ഷാന്‍ മസൂദ് 20 ടെസ്റ്റ് മല്‍സരങ്ങളില്‍നിന്ന് 1189 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ച് ഏകദിന മല്‍സരങ്ങളും താരം കളിച്ചിട്ടുണ്ട്.

Follow us on pathram online news

pathram:
Related Post
Leave a Comment