തമിഴ്‌നാട്ടില്‍ കോവിഡ് മരണ നിരക്കും വര്‍ധിക്കുന്നു; ഇന്നലെ 646 രോഗികള്‍, ആകെ 17,728

ചെന്നൈ: അതിവേഗത്തിലുള്ള രോഗ വ്യാപനത്തിനൊപ്പം ആശങ്കയേറ്റി തമിഴ്‌നാട്ടില്‍ കോവിഡ് മരണ നിരക്കും വര്‍ധിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചതിനു ശേഷം ഇന്നലെ ആദ്യമായി ഒറ്റ ദിനം 9 മരണങ്ങള്‍. ഇതോടെ, ആകെ മരണം 127 ആയി. മരണ നിരക്ക് 71%. ഇതാദ്യമായാണു മരണ നിരക്കില്‍ ഇത്രയധികം വര്‍ധന രേഖപ്പെടുത്തുന്നത്. ആയിരം രോഗികളുള്ളയിടങ്ങളില്‍ ഏറ്റവും മരണ നിരക്ക് കുറഞ്ഞ സംസ്ഥാനം തമിഴ്‌നാടാണ്.

എന്നാല്‍, ഈയിടെയായി മരണ നിരക്ക് കൂടുന്നതാണു ആശങ്കയ്ക്കിടയാക്കുന്നത്. കോവിഡ് ഹോട്‌സ്‌പോട്ടായ ചെന്നൈ തന്നെയാണു മരണത്തിലും മുന്നില്‍. ഇതിനകം നഗരത്തില്‍ 91 കോവിഡ് മരണങ്ങളുണ്ടായി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 7 മരണങ്ങള്‍ ചെന്നൈയിലാണ്. എല്ലാവരും മറ്റു അസുഖങ്ങള്‍ക്കു നേരത്തെ ചികിത്സ തേടിയിരുന്നവരാണെന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിച്ചു. ഈ മാസം 12നു 8,718 ആയിരുന്ന രോഗികളുടെ എണ്ണം ഇന്നലെ 17,728 ആയി. ഇന്നലെ മാത്രം 646 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള ഒരാളുള്‍പ്പെടെ 49 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. 5 പേര്‍ വിദേശത്തു നിന്നെത്തിയവര്‍. ചെന്നൈയില്‍ മാത്രം ഇന്നലെ 509 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതോടെ, നഗരത്തിലെ രോഗ ബാധിതരുടെ എണ്ണം 11,640 ആയി. റോയപുരം സോണില്‍ മാത്രം 2,000ല്‍ കൂടുതല്‍ രോഗികളുണ്ട്.

റോയപുരം, തിരുവിക നഗര്‍, കോടമ്പാക്കം, തേനാംപേട്ട്, തൊണ്ടയാര്‍പേട്ട് സോണുകളാണു ചെന്നൈയിലെ കോവിഡ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രങ്ങള്‍. ഈ സോണുകളില്‍ തന്നെ ചില വാര്‍ഡുകളിലാണു രോഗികളുടെ എണ്ണം കൂടുതലുള്ളത്. ഉയര്‍ന്ന ജനസാന്ദ്രത, പ്രതിരോധ നടപടികളുമായി ജനങ്ങള്‍ വേണ്ടത്ര സഹകരിക്കാത്തത് എന്നിവയെല്ലാം എല്ലാ ഈ പ്രദേശങ്ങളിലെല്ലാം പൊതുവായ ഘടകങ്ങളാണ്. ഓരോ സോണിലും പ്രത്യേക കണ്ടെയ്ന്‍മെന്റ് പദ്ധതി നടപ്പാക്കുമെന്നു അറിയിച്ചിരുന്നെങ്കിലും ഇനിയും തുടങ്ങിയിട്ടില്ല. ഈ 5 സോണുകളില്‍ രോഗവ്യാപനം കൂടുതലുള്ള വാര്‍ഡുകളില്‍ നിന്നു ജനങ്ങളെ മറ്റിടങ്ങിലേക്കു മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു. ജനങ്ങളുടെ നിസ്സഹകരണം ഈ മേഖലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാകുന്നതായി കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു.

Follow us on pathram online news #CORONA #COVID 19 #HEALTH

Similar Articles

Comments

Advertismentspot_img

Most Popular