നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് ദിലീപിന് കൈമാറി

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് ദിലീപിന് കൈമാറി. ചണ്ഡീഗഡിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടാണ് കൈമാറിയത്. അതേസമയം, കേസിൽ സാക്ഷി വിസ്താരം പുനഃരാരംഭിക്കാൻ
കോടതി സാധ്യത ആരാഞ്ഞു.

സുപ്രിംകോടതിയുടെ നിർദേശ പ്രകാരമാണ് നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ റിപ്പോർട്ട് ദിലീപിന് കൈമാറിയത്. ചണ്ഡീഗഡിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ട് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദിലീപിന്റെ അഭിഭാഷകന് സാക്ഷികളെ വിസ്തരിക്കാം. നിലവിൽ ലോക്ക് ഡൗൺ ആയതിനാൽ നടപടികൾ നിർത്തി വച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കഴിയുന്ന മുറയ്‌ക്കേ പ്രതിഭാഗത്തിന്റെ സാക്ഷി വിസ്താരം ആരംഭിക്കൂ.

അതേസമയം, മെയ് 27ന് കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. വിസ്താരത്തിന് ഹാജരാകാൻ സൗകര്യമുള്ള സാക്ഷികളുടെ വിവരങ്ങൾ നൽകാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. 335 സാക്ഷികളിൽ ആദ്യ ഘട്ടത്തിൽ വിസ്താരം പൂർത്തിയാകേണ്ട 136 പേരാണുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular