മഹാരാഷ്ട്രയില്‍ സ്ഥിതി അതീവഗുരുതരം; 24 മണിക്കൂറിനിടെ 2,345 പുതിയ കേസുകള്‍, സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ്–19 രോഗികള്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ 80% കിടക്കകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍. ഓഗസ്റ്റ് 31 വരെ ഈ കിടക്കകള്‍ സര്‍ക്കാരിന്റെ കൈവശമായിരിക്കും. മഹാരാഷ്ട്രയിലെ കോവിഡ്–19 കേസുകള്‍ 40,000നു മുകളിലെത്തിയതോടെയാണ് അതീവ ഗുരുതര സാഹചര്യത്തെ നേരിടാന്‍ സംസ്ഥാനം തയാറെടുക്കുന്നത്. മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 25,000 കടന്നു.

വ്യാഴാഴ്ച രാത്രി വൈകി ഇറങ്ങിയ ഉത്തരവു പ്രകാരം സ്വകാര്യ ആശുപത്രിയിലെ കിടക്കകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് സര്‍ക്കാരിനു തീരുമാനിക്കാം. മാത്രമല്ല, ഇവിടുത്തെ ചികിത്സയുടെ ചെലവും രോഗികള്‍ക്ക് പരമാവധി എത്ര രൂപയുടെ ബില്‍ നല്‍കാനാകുമെന്നതും സര്‍ക്കാരാണ് തീരുമാനിക്കുക. ബാക്കി 20% കിടക്കകളില്‍ എത്ര രൂപ ബില്‍ ചെയ്യണമെന്നത് ആശുപത്രികള്‍ക്കു തീരുമാനിക്കാം.

ബാക്കിയുള്ളവ – ഐസലേഷനും വാര്‍ഡുമുള്‍പ്പെടെ പരമാവധി 4000 രൂപ മാത്രമേ ബില്‍ നല്‍കാനാകൂ. വെന്റിലേറ്റര്‍ ഉപയോഗിക്കാതെ ഐസിയുവില്‍ കഴി!ഞ്ഞാല്‍ ദിവസവും 7,500 രൂപയും വെന്റിലേറ്റര്‍ ഉപയോഗിച്ച് ഐസിയുവില്‍ കഴിഞ്ഞാല്‍ ദിവസം 9000 രൂപയും ആശുപത്രികള്‍ക്ക് ഈടാക്കാം. അര്‍ബുദ ചികിത്സ ഉള്‍പ്പെടെയുള്ള 270 വിവിധ ചികിത്സാ രീതികള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമുള്ള തുകയും നിശ്ചയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 2,345 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ 41,642 കേസുകളായി. മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 25,000 കടന്നു. ഇവിടെ ഇന്നലെമാത്രം 1,382 പേര്‍ക്കു പുതിയതായി രോഗം ബാധിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 64 മരണത്തില്‍ 41 എണ്ണവും മുംബൈയിലാണ്. സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 1454 ആയി.

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് പുതിയ കേസുകളുടെ എണ്ണം 2000ല്‍ കൂടുന്നത്. അഞ്ചു ദിവസംകൊണ്ട് 10,000ല്‍ അധികം കേസുകളാണ് മഹാരാഷ്ട്രയില്‍ ഉണ്ടായിരിക്കുന്നത്. മേയ് 17നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് – 2347 എണ്ണം.

സംസ്ഥാനത്തെ ആക്ടീവ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ 1949 എണ്ണമാണ്. 64.89 ലക്ഷം പേരെ നിരീക്ഷിക്കാനായി 15,894 ഹെല്‍ത് സ്‌ക്വാഡുകളുണ്ട്. ആകെ 4.37 ലക്ഷം പേരെ വീടുകളില്‍ ക്വാറന്റീനിലാക്കിയിട്ടുണ്ടെന്നും 26,865 പേര്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7