കോവിഡ് രോഗം ഭേദമായശേഷം വീണ്ടും പോസിറ്റീവ് ആകുന്നവരില്‍നിന്ന് രോഗം പകരില്ലെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. രോഗം ബാധിച്ചപ്പോള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെട്ട ആന്റിബോഡികളാണ് ഇതിനു കാരണമെന്നാണ് ദക്ഷിണ കൊറിയയിലെ കൊറിയന്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ഗവേഷകരുടെ കണ്ടെത്തല്‍. ലോക്ഡൗണിനു ശേഷം, സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള മുന്‍കരുതലുകളുമായി തൊഴിലിടങ്ങളും ഗതാഗതവുമുള്‍പ്പെടെ തുറന്നു കൊടുക്കാനൊരുങ്ങുന്ന രാജ്യങ്ങള്‍ക്ക് ഇത് ശുഭവാര്‍ത്തയാണ്.
കോവിഡ്–19 രോഗം ഭേദമായ 285 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇവര്‍ക്കു വീണ്ടും കോവിഡ് ബാധിച്ചെങ്കിലും മറ്റുള്ളവരിലേക്കു പകരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവരില്‍നിന്നെടുത്ത വൈറസ് സാംപിളുകള്‍ കള്‍ച്ചര്‍ ചെയ്യാന്‍ ശ്രമിച്ചിട്ടു നടന്നില്ല. ഇതോടെയാണ് ഇവരില്‍ വൈറസ് നിര്‍ജീവമായിരിക്കാനോ മറ്റുള്ളവരിലേക്കു പകരാതിരിക്കാനോ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ ഗവേഷകര്‍ എത്തിയത്.
അതേസമയം, നിലവില്‍ നടത്തുന്ന പിസിആര്‍ പരിശോധനകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താമെങ്കിലും ജീവനുള്ളതും നിര്‍ജീവമായതുമായ വൈറസ് കണികകളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്നു കഴിഞ്ഞ മാസം നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതോടെ, വീണ്ടും പോസിറ്റീവ് ആയവര്‍ രോഗം പരത്തുമെന്ന ധാരണ പരന്നിരുന്നു. പുതിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനാല്‍ ഇനി ദക്ഷിണ കൊറിയയില്‍ രണ്ടാമതും പോസിറ്റീവ് ആകുന്നവരെ രോഗം പരത്തുന്നവരായി കണക്കാക്കില്ല.
അതേസമയം, നോവല്‍ കൊറോണ വൈറസിനെതിരെ ശരീരത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന ആന്റിബോധികള്‍ക്ക് ചെറിയ തോതിലെങ്കിലും പ്രതിരോധ ശക്തിയുണ്ടെന്നു ഗവേഷകര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇതു സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല, ഈ പ്രതിരോധശേഷി എത്രനാള്‍ നീണ്ടുനില്‍ക്കുമെന്നതിലും വ്യക്തതയില്ല.
സാര്‍സില്‍നിന്നു മുക്തി നേടിയവരില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍ക്ക് 9 മുതല്‍ 17 വരെ വര്‍ഷം രോഗം ചെറുക്കാനുള്ള ശേഷിയുണ്ടെന്ന് അടുത്തിടെ സിംഗപ്പുരില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഡ്യൂക് – എന്‍യുഎസ് മെഡിക്കല്‍ സ്‌കൂളിലെ ഡാനിയേലെ ഇ. ആന്‍ഡേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള ഗവേഷകരാണ് ഈ പഠനം നടത്തിയത്.