തിരുവനന്തപുരം: ജില്ലകൾക്കുള്ളിൽ പൊതുഗതാഗതം ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ സംസ്ഥാനത്തു കെഎസ്ആർടിസി സർവീസുകൾ നാളെ ആരംഭിക്കും. നിരക്കിൽ 50% വർധനയുണ്ടാകും. യാത്രാ സൗജ്യന്യം ഉള്ള വിഭാഗങ്ങൾ കൂടിയ നിരക്കിന്റെ പകുതി നൽകേണ്ടി വരും. പൊതുഗതാഗതം അനുവദിച്ചുള്ള സർക്കാരിന്റെ വിജ്ഞാപനം ഇന്നു പുറത്തിറങ്ങുമെന്നാണു സൂചന.
ബസുകളുടെ ക്രമീകരണം ഏർപ്പെടുത്താൻ കെഎസ്ആർടിസിക്കു സാവകാശം വേണ്ടതിനാലാണു സർവീസ് നാളെ ആരംഭിക്കുന്നത്. ജില്ലകൾക്കുള്ളിലെ പ്രധാന കേന്ദ്രങ്ങളിലേക്കു മാത്രമാകും സർവീസ്. നിലവിൽ തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിലേക്കു നടത്തുന്ന സർവീസിൽ നാളെ മുതൽ പ്രീപെയ്ഡ് കാർഡ് സംവിധാനം നിലവിൽ വരും. യാത്രക്കാരന്റെ കൈവശമുള്ള കാർഡിൽ കണ്ടക്ടറുടെ പക്കലുള്ള സ്കാനർ ഉപയോഗിച്ചു പണം ഈടാക്കുന്ന രീതിയാണിത്. കറൻസി കൈമാറ്റത്തിലൂടെ കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയുള്ള സംവിധാനം വിജയകരമാണെന്നു കണ്ടാൽ സംസ്ഥാനത്ത് ഉടനീളം വ്യാപിപ്പിക്കും.
അതേ സമയം സർക്കാർ വാഗ്ദാനം ചെയ്ത പാക്കേജുകൾ പ്രകാരം ബസ് സർവീസ് നടത്താൻ കഴിയില്ലെന്നു കേരള സ്റ്റേറ്റ് ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. ഗോകുൽദാസും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥും അറിയിച്ചു.
പകുതി യാത്രക്കാരെ ഇരുത്തി സർവീസ് നടത്തിയാൽ ഡീസലിനുള്ള പണംപോലും കിട്ടില്ല. ഡീസലിന്റെ നികുതി ഉൾപ്പെടെ എടുത്തു കളയുകയും കൂടുതൽ ആനുകൂല്യം നൽകുകയും ചെയ്താൽ മാത്രമേ സർവീസ് നടത്താൻ കഴിയുകയുള്ളുവെന്ന് അസോസിയേഷനും ബസ് മേഖലയിലെ സംഘടനകൾ ചർച്ച ചെയ്തു നടപടികൾ സ്വീകരിക്കുമെന്ന് ഓർഗനൈസേഷനും പ്രതികരിച്ചു.