സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൂടി കോവിഡ്; 21 പേർ വിദേശത്ത് നിന്നും വന്നവർ..

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് ആർക്കും രോഗമുക്തി ഇല്ല.

29 പേരിൽ 21 പേർ വിദേശത്തു നിന്നും വന്നവർ.

7 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.

കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ.

കൊല്ലം 6, തൃശൂർ 4, തിരുവനന്തപുരം 3, കണ്ണൂർ 3, പത്തനംതിട്ട 2, ആലപ്പുഴ 2, കോട്ടയം 2, കോഴിക്കോട് 2, കാസർകോട് 2, എറണാകുളം 1, പാലക്കാട് 1, മലപ്പുറം 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു. ഇതുവരെ 630 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

130 പേർ ഇപ്പോൾ ചികിൽസയിലാണ്. 67789 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 67316 പേരും ആശുപത്രികളിൽ 473 പേരുമുണ്ട്. ഇന്ന് 127 പേർ ആശുപത്രിയിലെത്തി. ഇതുവരെ 45,905 സാംപിളുകൾ പരിശോധിച്ചു. 44,651 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കി. സെന്റിനൽ‌ സർവയലൻസിന്റെ ഭാഗമായി 5,154 സാംപിളുകൾ ശേഖരിച്ചതിൽ 5082 നെഗറ്റീവായി, 29 ഹോട്സ്പോട്ടുകളുണ്ട്. കൊല്ലത്ത് ഒന്നും പാലക്കാട് അഞ്ചുമായി ആറ് ഹോട്സ്പോട്ടുകൾ പുതുതായി വന്നു.

മേയ് 31 വരെ കേന്ദ്രസർക്കാർ ലോക്ഡൗൺ നീട്ടിയിട്ടുണ്ട്. പൊതുമാനദണ്ഡങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് ചില നിയന്ത്രണങ്ങൾ വരുത്തും സ്കൂൾ, കോളജ്, ട്രെയിനിങ് സെന്റർ ഇവയൊന്നും അനുവദിക്കില്ല. ഓൺലൈൻ, വിദൂര വിദ്യാഭ്യാസം എന്നിവ പരമാവധി പ്രോൽസാഹിപ്പിക്കും. നിബന്ധനകളോടെ അനുവദിക്കുന്ന കാര്യങ്ങൾ– ജില്ലയ്ക്ക് അകത്ത് പൊതുഗതാഗതം, സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം യാത്രക്കാർ മാത്രമാകണം, നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ജില്ലക്കുള്ളിലെ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരത്തിന് തടസ്സമുണ്ടാകില്ല.

അന്തർ ജില്ലാ യാത്രകളിൽ പൊതുഗതാഗതം ഉണ്ടാകില്ല. അല്ലാത്ത യാത്രകൾ ആകാം. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയായിരിക്കും ഇത്. ഇതിന് പാസ് ആവശ്യമില്ല. തിരിച്ചറിയൽ കാർഡ് മതി. കോവിഡ് 19 നിർവ്യാപന പ്രവ‌‌‍‍‌ൃത്തിയിലുള്ളവർ, അവശ്യസർവീസിലുള്ള സർക്കാർ ജീവനക്കാർ ഇവർക്ക് യാത്ര ചെയ്യാൻ സമയ പരിധി ഇല്ല. ഇലക്ട്രീഷ്യന്‍മാർ, ടെക്നീഷ്യൻമാർ എന്നിവർ ട്രേഡ് ലൈസൻസ് കരുതണം. സമീപത്തല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യത്തിന് യാത്ര ചെയ്യുന്നതിന് പൊലീസ് സ്റ്റേഷനിൽനിന്നോ, കലക്ടറിൽനിന്നോ അനുമതി വേണം. ജോലി ആവശ്യത്തിന് സ്ഥിരമായി ദൂരമുള്ള ജില്ലകളിലേക്ക് പോകുന്നവർ പ്രത്യേക യാത്രാ പാസ് കലക്ടറിൽനിന്നോ പൊലീസ് മേധാവിയിൽനിന്നോ നേടണം.

Similar Articles

Comments

Advertismentspot_img

Most Popular